സെവൻസ് ഫുട്ബാൾ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് സിനിമയൊരുക്കി പ്രേക്ഷക മനസിലേക്ക് ഡ്രിബ്ൾ ചെയ്തുകയറിയ സംവിധായകനാണ് സക്കരിയ. കൃത്യമായ രാഷ്ട്രീയവും ആക്ഷേപഹാസ്യവുമെല്ലാം സമന്വയിപ്പിച്ച സിനിമയായിരുന്ന ഹലാൽ ലൗ സ്റ്റോറി. ഇരു സിനിമകളും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ടെങ്കിലും ഇവയെ കോർത്തിണക്കുന്ന പ്രധാന ഘടകമായിരുന്നു കുടുംബം. മൂന്നാമത്തെ ചിത്രമായ 'മോമോ ഇൻ ദുബൈ'യുമായി സക്കരിയ എത്തുേമ്പാൾ അവിടെയും 'മുഖ്യ കഥാപാത്രമായി' കുടുംബമുണ്ട്. സുഡാനിൽ നിന്ന് തുടങ്ങിയ യാത്ര ദുബൈയിലെത്തി നിൽക്കുേമ്പാൾ സക്കരിയക്കിത് ഇരട്ട റോളാണ്. തിരക്കഥാകൃത്തിനൊപ്പം നിർമാതാവിെൻറ മേലങ്കി കൂടി അണിഞ്ഞാണ് സക്കരിയ 'മോമോ ഇൻ ദുബൈ' തിരശീലയിലേക്കെത്തിക്കുന്നത്. പുതിയ ചിത്രത്തിെൻറ അണിയറ പ്രവർത്തനങ്ങൾക്കായി ദുബൈയിലെത്തിയ മലയാളികളുടെ പ്രിയസംവിധായകൻ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു...
പുതിയ ചിത്രം
ഇത് കുട്ടികളുടെ കഥയാണ്. 'മോമോ' എന്ന കുട്ടിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും. അനീഷ് ജി. മേനോനും അനുസിത്താരയും അജു വർഗീസും ഹരീഷ് കണാരനുമാണ് സിനിമയിലെ പ്രധാന താരങ്ങൾ. അറബിക് നടനും പ്രധാന റോളിൽ ചിത്രത്തിലെത്തുന്നുണ്ട്. നാട്ടിലുള്ള കുട്ടികളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദുബൈയിലെ ചില കലാകാരൻമാരും വേഷമിടുന്നു.
അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഒരു പതിറ്റാണ്ടിലേറെയായി അമീൻ ദുബൈയിലുണ്ട്. അദ്ദേഹത്തിെൻറ അനുഭവങ്ങളും ചിത്രത്തിന് മിഴിവേകും. കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും തിരക്കഥയുടെ ഭാഗമായിരുന്ന മുഹ്സിൻ പെരാരിയാണ് ഈ ചിത്രത്തിെൻറ ഗാനരചന നിർവഹിക്കുന്നത്. ഹലാൽ ലൗ സ്റ്റോറിയുടെ തിരക്കഥയിൽ ഒപ്പമുണ്ടായിരുന്ന ആഷിഫ് കക്കോടിയുമായി ചേർന്നാണ് ഈ ചിത്രത്തിനും കഥയൊരുക്കിയിരിക്കുന്നത്.
ഇവിടെ നടക്കുന്ന സംഭവമാണ്. അതുകൊണ്ടാണ് ദുബൈയിൽ സെറ്റിടാൻ തീരുമാനിച്ചത്. പത്ത് ശതമാനം ഷൂട്ടിങ് നാട്ടിലുണ്ട്. ഒരുമാസം കൊണ്ട് യു.എ.ഇയിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. വിവിധ എമിേററ്റുകളിൽ ഷൂട്ടിങ് ഉണ്ടാവും. റിലീസിങ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.
ഞാൻ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും കൂടുതൽ ബജറ്റ് വരുന്ന സിനിമയായിരിക്കും 'മോമോ ഇൻ ദുബൈ'. നാട്ടിൽ നിന്ന് മാറി ഇവിടെ ചിത്രീകരിക്കുേമ്പാഴുണ്ടാകുന്ന സ്വാഭാവിക ചെലവുകളാണ് അധികവും. എല്ലാം ഒരു വിശ്വാസമല്ലേ. സിനിമയിൽ വിശ്വാസമുള്ളതുകൊണ്ട് അൽപം ബജറ്റ് കൂടിയാലും പ്രശ്നമില്ല. പി.ബി. അനീഷും ഹാരിസ് ദേശവും ചിത്രത്തിെൻറ നിർമാതാക്കളായി എനിക്കൊപ്പമുണ്ട്. തീയറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് പദ്ധതി. ഒപ്പം ഒ.ടി.ടിയിലുമുണ്ടാകും. ഒ.ടി.ടിക്ക് വേണ്ടി മാത്രമായി സിനിമ ചെയ്യാറില്ല. എത്ര വലിയ ബജറ്റുള്ള സിനിമയാണെങ്കിലും ഉള്ളടക്കം മോശമാണെങ്കിൽ പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇടംലഭിക്കില്ല. അതുകൊണ്ട്, ഒ.ടി.ടിക്കായി ബജറ്റ് കുറക്കുന്നതിൽ അർഥമില്ല. നല്ല സിനിമ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. മലയാളത്തിലും ചില ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയിട്ടുണ്ട്. അത്ര മോശമല്ലാത്തവ അവർ സ്വീകരിക്കുന്നുണ്ട്.
പലരുടെ കൈയിലും മിഡിൽ ഈസ്റ്റ് പശ്ചാത്തലമാക്കിയുള്ള കഥകളുണ്ട്. അവസരം കിട്ടാത്തതിെൻറ പേരിലാണ് ഇവയൊന്നും പുറത്തുവരാത്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ സിനിമയെടുക്കാൻ ബുദ്ധിമുട്ടായതിനാലാണ് പലരും ഗൾഫ് പശ്ചാത്തലത്തിലുള്ള സിനിമകളിലേക്കെത്തുന്നത്. അതിനാലാണ് ഇപ്പോൾ ഗൾഫ് നാടുകളിൽ കൂടുതൽ മലയാള സിനിമകൾ ചിത്രീകരിക്കുന്നത്. അതിൽ കൂടുതലും യു.എ.ഇയിലാണ് ചിത്രീകരണം. ഇവിടെയുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും സുരക്ഷയും അനുമതി ലഭിക്കാനുള്ള എളുപ്പവുമെല്ലാമാണ് മറുനാടൻ സിനിമകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
മമ്മൂട്ടി നായകനാകുന്ന സിനിമയാണ് അടുത്തത്. അടുത്തവർഷം ആദ്യം ചിത്രീകരണം തുടങ്ങും. പേര് തീരുമാനിച്ചിട്ടില്ല.കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രവും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.