കുവൈത്ത് സിറ്റി: യാത്രാനിയന്ത്രണങ്ങൾ നീക്കിയതിനുശേഷം ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 23,000 യാത്രക്കാർ സഞ്ചരിച്ചു. 13,000 പേർ കുവൈത്തിൽനിന്ന് പുറത്തുപോകുകയും 10,000 പേർ കുവൈത്തിലേക്ക് വരുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 210 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ഇന്ത്യ, ഇസ്തംബൂൾ, ബൈറൂത്, ലണ്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ പോയത്. കുത്തിവെപ്പ് എടുക്കാത്തവർക്കും കുവൈത്തിലേക്ക് വരാം, കുത്തിവെപ്പ് എടുത്തവർക്ക് പി.സി.ആറും ക്വാറൻറീനും വേണ്ട തുടങ്ങിയ ഇളവുകൾ പ്രാബല്യത്തിലായതിന് ശേഷം ആദ്യമെത്തിയത് ഇന്ത്യയിൽനിന്നുള്ള ഇൻഡിഗോ വിമാനമാണ്. കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിൻ സ്വീകരിച്ചവർ ഇൗ വിമാനത്തിൽ ഉണ്ടായിരുന്നു. കുവൈത്ത് അംഗീകരിച്ച നാല് വാക്സിൻ അല്ലാത്തവ സ്വീകരിച്ച പ്രവാസികൾ കുവൈത്തിലേക്ക് വരാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു.
പുതിയ ഇളവ് ഏറ്റവും പ്രയോജനം ചെയ്യുന്നത് ഇത്തരക്കാർക്കാണ്. അടുത്ത ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമയാന വകുപ്പ് തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിച്ചു. ദേശീയ ദിന അവധിയും യാത്രാനിയന്ത്രണങ്ങൾ നീക്കിയതും യാത്രക്കാർ വർധിക്കുന്നതിന് കാരണമാകും. സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്നാണ് തിരക്ക് മുൻകൂട്ടിക്കണ്ട് പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.