കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യന്‍ എംബസി അനുശോചനയോഗം ചേര്‍ന്നു. ബുധനാഴ്ച രാവിലെ എംബസി ഓഡിറ്റോറിയത്തിൽ ചേര്‍ന്ന യോഗത്തിൽ എംബസിയിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പങ്കെടുത്തു. കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അമീര്‍ മഹത്തായ പങ്ക് വഹിച്ചുവെന്ന് അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്കിയ പരിഗണനയും വാത്സല്യവും അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറയും അനുശോചന സന്ദേശങ്ങളും സ്ഥാനപതി വായിച്ചു. ശൈഖ് സബാഹ് മികച്ച രാഷ്ട്രതന്ത്രജ്ഞനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവും ഇന്ത്യയുടെ ഉറ്റ മിത്രവുമായിരുന്നുവെന്ന് രാഷ്ട്രപതി അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിെൻറ കുടുംബത്തിനും കുവൈത്ത് സര്‍ക്കാറിനും ജനതക്കും അനുശോചനം അറിയിക്കുന്നുതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സബാഹ് കുടുംബത്തിെൻറയും കുവൈത്ത് ജനതയുടെയും വേദനയിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനക്കുറിപ്പിൽ പറഞ്ഞു.കുവൈത്തിനും അറബ് ലോകത്തിനും പ്രിയങ്കരനായ നേതാവിനെയും ഇന്ത്യക്ക് അടുത്ത സുഹൃത്തിനെയുമാണ് അമീറിെൻറ വിയോഗത്തിലൂടെ നഷ്ടമായതെന്നും കുവൈത്തിലെ ഭാരതീയരുടെ ക്ഷേമത്തിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും അനുശോചനക്കുറിപ്പിൽ കൂട്ടിച്ചേർത്തു. അമീറിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ രണ്ടുവരെ എംബസിയും പാസ്പോർട്ട് സേവന കേന്ദ്രങ്ങളും അവധിയാകും. എംബസി അങ്കണത്തിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.