കുവൈത്ത് സിറ്റി: ആരോഗ്യം സംരക്ഷിക്കാൻ നടന്നു മുന്നേറുകയാണ് കുവൈത്തിലെ ഒരു കൂട്ടം മലയാളികൾ. ‘പൂരം ഗഡീസ് വർക്ക് ഔട്ട് വാരിയേഴ്സ്’ എന്നുപേരിട്ട് രണ്ടു വർഷം മുമ്പ് തുടങ്ങിയ കൂട്ടായ്മയിൽ ഇന്ന് പലയിടങ്ങളിലായുള്ള അമ്പതോളം പേരുണ്ട്. ദിവസം 15000 സ്റ്റെപ്പുകൾ, അരമണിക്കൂർ വ്യായാമം എന്നിവ അംഗങ്ങൾക്ക് നിർബന്ധമാണ്. അംഗങ്ങൾക്കായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ദിവസവും ഇത് അപ്ഡേറ്റ് ചെയ്യണം. വെള്ളിയാഴ്ചകളിൽ രാവിലെ സാൽമിയ മറീന ബീച്ചിൽ അംഗങ്ങൾ ഒരുമിച്ചുകൂടി കൂട്ടമായി നടക്കുകയും വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യും. കൂടുതൽ സമയം നടക്കുന്നവർക്കും വ്യായാമത്തിൽ ഏർപ്പെടുന്നവർക്കും പ്രത്യേക അഭിനന്ദനവും പ്രോത്സാഹനവും നൽകിവരുന്നു.
വ്യായാമം ആരോഗ്യ സംരക്ഷണത്തോടൊപ്പം ഉന്മേഷവും ഊർജവും നൽകുന്നതായി അംഗങ്ങൾ പറഞ്ഞു. ഒരു ചെലവും ഇല്ലാത്തതും ഒട്ടേറെ ഗുണങ്ങൾ നൽകുന്നതുമാണ് നടത്തം. ഓഫിസും വാഹനങ്ങളിലുമായി കഴിഞ്ഞുകൂടുന്ന പ്രവാസികൾ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യവും അംഗങ്ങൾ ഉണർത്തി.
2023-2024 വർഷത്തെ ഫിറ്റ്നസ് ചലഞ്ചിന് വെള്ളിയാഴ്ച മറീന ബീച്ചിൽ തുടക്കം കുറിച്ചു. ഫിറ്റ്നസ് മെസഞ്ചർ ജോബി മൈക്കിൾ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ജോസഫ് കനകൻ സ്വാഗതവും ഫെമിജ് പുത്തൂർ നന്ദിയും പറഞ്ഞു. വർക്ക് ഔട്ട് ചലഞ്ചിലെ അനുഭവങ്ങളും തങ്ങൾക്കുണ്ടായ മാറ്റങ്ങളും ചടങ്ങിൽ അംഗങ്ങൾ പങ്കുവെച്ചു. ഉദ്ഘാടന ദിവസത്തെ വ്യായാമത്തിന് രജീഷ് നേതൃത്വം നൽകി. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറക്കാം, പൊണ്ണത്തടിയെ നിയന്ത്രിക്കാം, രക്തസമ്മർദം കുറക്കാം, പ്രമേഹത്തെ വരുതിയിലാക്കാം, കാൻസറിനെ തടയാം, ഓർമശക്തി വർധിപ്പിക്കാം, പ്രതിരോധ ശക്തികൂട്ടാം, കൂടുതൽ ആരോഗ്യവാന്മാരാകാം തുടങ്ങിയ കാര്യങ്ങൾ നടത്തംകൊണ്ട് നേടിയെടുക്കാം. അതുകൊണ്ടുതന്നെ 365 ദിവസവും ഫിറ്റ്നസ് എന്ന ലക്ഷ്യം മുൻനിർത്തി ‘പൂരം ഗഡീസ്’ ആഞ്ഞുനടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.