എ.എഫ്.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: 2031 ലെ എ.എഫ്.സി കപ്പിന് ആതിഥേയത്വം വഹിക്കാനാകുമെന്ന പ്രതീക്ഷയിൽ കുവൈത്തും. 2031 ലെ എ.എഫ്.സി കപ്പ് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കുവൈത്ത് കത്ത് നൽകിയിരുന്നു.
കുവൈത്തിന് പുറമെ ആസ്ട്രേലിയ, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളും കിർഗിസ്താൻ, തജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നിവ സംയുക്തമായും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2026 ൽ നടക്കുന്ന എ.എഫ്.സി കോൺഗ്രസിൽ 2031 കപ്പിന്റെ ആതിഥേയരെ പ്രഖ്യാപിക്കും.
സൗദി അറേബ്യയാണ് 2027ൽ നടക്കുന്ന എ.എഫ്.സി കപ്പ് ആതിഥേയർ. അതിനിടെ, ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ചതിന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ശൈഖ് സൽമാൻ ആൽ ഖലീഫ കുവൈത്തിനെ അഭിനന്ദിച്ചു. താൽപര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ എണ്ണം ചാമ്പ്യൻഷിപ്പിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഖത്തർ ആതിഥേയത്വം വഹിച്ച അവസാന മത്സരം റെക്കോഡ് ആരാധകരെ ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്വാലാലംപൂരിൽ നടന്ന എ.എഫ്.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച നടക്കുന്ന എ.എഫ്.സി 35ാമത് കോൺഗ്രസിൽ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അഹ്മദ് യൂസഫ് അസ്സബാഹ് പങ്കെടുക്കും. 2025-26 ബജറ്റ്, പരിഷ്കാരങ്ങൾ, റഫറിയിങ്, ഫുട്ബാൾ പരിപാടികൾ എന്നിവ അംഗരാജ്യങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.