കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമത്തിെൻറ പരിധിയിൽ ഫുഡ് ഡെലിവറി തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും ഉൾപ്പെടുത്തുന്നു. മൂന്ന് സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഡെലിവറി ജോലിക്കാർ, വഴിയോര കച്ചവടക്കാർ, ഐസ്ക്രീം കാർട്ടുകൾ എന്നീ വിഭാഗങ്ങളെ കൂടി ഉച്ചവിശ്രമ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരുമെന്ന് കാപിറ്റൽ ഗവർണറേറ്റിലെ തൊഴിൽ സുരക്ഷ വിഭാഗം മേധാവി അലി അൽ സഫർ പറഞ്ഞു. ചൂട് കൂടിയതിനാൽ ഉച്ചസമയങ്ങളിൽ ഫുഡ് ഡെലിവറി ട്രക്കുകൾക്കും നിരത്തുകളിൽ നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
മാൻപവർ അതോറിറ്റി, മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി തയാറാക്കുന്നത്.വേനൽ ചൂടിെൻറ കാഠിന്യത്തിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനായാണ് എല്ലാ വർഷവും ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിനാണ് വിലക്ക്.
നിർമാണ മേഖലയിലും മറ്റും മാൻപവർ അതോറിറ്റിയുടെ ശക്തമായ പരിശോധന നടക്കുന്നുണ്ട്. നിയമം ലംഘിച്ചു നിരോധിത സമയങ്ങളിൽ തൊഴിലെടുപ്പിച്ചാൽ ഓരോ തൊഴിലാളിക്കും 100 ദിനാർ എന്ന തോതിൽ ആണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.