കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ നടപടികൾ കർശനമാക്കുമെന്ന് സൂചന നൽകി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് പിറകെ പരിശോധനകൾ ശക്തമാക്കിയതായും 4,650 ഓളം പേർ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു.
നിയമലംഘകരിൽ ഭൂരിഭാഗവും മഹ്ബൂല, ജലീബ് അൽ ഷുയൂഖ് മേഖലകളിലാണ്. താമസ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം തുടരുമെന്നും യൂസഫ് അൽ അയൂബ് വ്യക്തമാക്കി. പിടിയിലാകുന്നവരെ നാടുകടത്തും. നാടുകടത്തപ്പെട്ടാൽ നിയമലംഘകർക്ക് കുവൈത്തിലേക്ക് മടങ്ങിവരാനാകില്ല.
നിയമലംഘകരുടെ അറസ്റ്റ്, തുടർന്നുള്ള നിയമനടപടികൾ എന്നിവ സഹൽ ആപ് വഴി സ്പോൺസർ ചെയ്തവരെ അറിയിക്കും. നിയമലംഘകർക്ക് യാത്രയയക്കുന്നതിന് മുമ്പ് അടിയന്തര യാത്രപേപ്പറുകൾ നൽകും. താമസ നിയമലംഘകരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം പരിശോധനകൾ തുടരുകയാണെന്നും അറിയിച്ചു. ആളുകളെ അനിയന്ത്രിതമായി രാജ്യത്തേക്ക് കൊണ്ടുവരുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന സ്പോൺസർമാർക്കും യൂസഫ് അൽ അയൂബ് മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: താമസ നിയമലംഘകർക്ക് സർക്കാർ അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 ത്തിലധികം പേർ. റസിഡൻസി നിയമലംഘകർക്ക് പൊതുമാപ്പിൽനിന്ന് വലിയ പ്രയോജനം ലഭിച്ചതായും രാജ്യത്തിന്റെ മാനുഷിക ധാർമികതയുടെ ഭാഗമായാണ് പൊതുമാപ്പ് അനുവദിച്ചതെന്നും ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ്ഓഫ് റെസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു.
മാർച്ച് 17 മുതൽ ജൂൺ 30 വരെയായിരുന്നു രാജ്യത്ത് പൊതുമാപ്പ് കാലാവധി. ഇതിനകം താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും അവസരം നൽകിയിരുന്നു. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.