കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയേക്കുമെന്ന വാർത്ത വിപണിക്ക് ഉണർവേകി. ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമായില്ലെങ്കിലും വൈകാതെ നിയന്ത്രണങ്ങളോടെ നേരിട്ട് വരാൻ അനുവദിക്കുമെന്ന സൂചനകളാണ് ഉന്നത തലങ്ങളിൽനിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് എയർവേയ്സ് ചെയർമാൻ അലി മുഹമ്മദ് അൽ ദുക്കാൻ, ജസീറ എയർവേയ്സ് മേധാവി മർവാൻ ബുദായി, വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമൻ ഹമൂദ് അസ്സബാഹ് എന്നിവരുമായി നടത്തിയ ചർച്ച പ്രതീക്ഷജനകമായിരുന്നുവെന്നാണ് റിപ്പോർട്ട്. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങളൊക്കെയും വിലക്ക് പരിധിയിൽ വരുന്നതിനാൽ ലക്ഷക്കണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്. ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്.
ട്രാവൽ ആൻഡ് ടൂറിസം മേഖല, റിയൽ എസ്റ്റേറ്റ് മേഖല, മുതൽ റീെട്ടയിൽ ബിസിനസ് വരെ വിമാന സർവിസ് സാധാരണ നിലയിലാവാൻ കാത്തിരിക്കുകയാണ്. ശുഭ സൂചനകൾതന്നെ വിപണിക്ക് ഉണർവ് നൽകിയിട്ടുണ്ട്.റിയൽ എസ്റ്റേറ്റ് യൂനിയനും ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷനും വിലക്ക് നീക്കാൻ സർക്കാറിന് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. വിമാന സർവിസ് വിപുലപ്പെടുത്താൻ കമ്പനികൾ സമർപ്പിച്ച കർമപദ്ധതി അധികൃതർ പഠിച്ചുവരുകയാണ്.
ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ടുവരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിെൻറ ഭാഗമായി അവർ മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കപ്പെട്ടാൽ പ്രവാസി സമൂഹത്തിനും അത് ആശ്വാസമാണ്.
അടുത്തയാഴ്ച തീരുമാനമുണ്ടാവുമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ നൽകുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണമെന്ന നിർദേശവും ആരോഗ്യ മന്ത്രാലയത്തിന് മുന്നിലുണ്ട്. ഏതായാലും അടുത്ത മാസമെങ്കിലും വിലക്ക് നീക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രവാസികളും വാണിജ്യ സമൂഹവും വിവിധ സർവിസ് മേഖലകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.