കുവൈത്ത് സിറ്റി: 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന വിലക്ക് നീക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തിൽ തീരുമാനമായില്ല. രാജ്യങ്ങളുടെ പട്ടികയിലും മാറ്റം വരുത്തിയില്ല. അതിനിടെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷ പകരുന്നുണ്ട്. കുവൈത്ത് എയർവേയ്സ് ചെയർമാൻ അലി മുഹമ്മദ് അൽ ദുക്കാൻ, ജസീറ എയർവേയ്സ് മേധാവി മർവാൻ ബുദായി, വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമൻ ഹമൂദ് അസ്സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
വിമാന സർവിസ് വിപുലപ്പെടുത്താൻ കമ്പനികൾ സമർപ്പിച്ച കർമപദ്ധതി അധികൃതർ പഠിച്ചുവരുകയാണ്. ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിെൻറ ഭാഗമായി അവർ മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കപ്പെട്ടാൽ പ്രവാസി സമൂഹത്തിനും അത് ആശ്വാസമാണ്. 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിന് വിലക്കുള്ളത് വിമാനക്കമ്പനികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.