കുവൈത്ത് സിറ്റി: ഈ മാസം 21 മുതൽ ജനുവരി മൂന്നുവരെ കുവൈത്തിൽ നടക്കുന്ന 26ാമത് അറേബ്യൻ ഗൾഫ് കപ്പിനുള്ള ഒരുക്കം മന്ത്രിസഭ വിലയിരുത്തി. ഒരുക്കം സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി മന്ത്രിസഭയിൽ വിവരിച്ചു. ബയാൻ പാലസിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ചാമ്പ്യൻഷിപ്പിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നതായി ചാമ്പ്യൻഷിപ് സുപ്രീം കമ്മിറ്റി തലവൻ കൂടിയായ അൽ മുതൈരി വ്യക്തമാക്കി. രാജ്യത്തിന്റെ നിലപാടിനനുസൃതമായ രീതിയിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായും ടൂർണമെന്റിനുള്ള എല്ലാ സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി. അജണ്ടയിലെ മറ്റു വിഷയങ്ങളും മന്ത്രിസഭ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
യോഗത്തിൽ അടിസ്ഥാന സൗകര്യ വികസനം, റെസിഡൻഷ്യൽ സിറ്റികൾ, മറ്റുള്ളവ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രോജക്ടുകളുടെയും സമർപ്പണം ത്വരിതപ്പെടുത്താൻ പ്രധാനമന്ത്രി നിർദേശിച്ചു. എല്ലാ പദ്ധതികളും വേഗത്തിലാക്കാൻ മന്ത്രിസഭ എല്ലാ മന്ത്രിമാരെയും ചുമതലപ്പെടുത്തി. ചില വ്യക്തികളുടെ പൗരത്വം നഷ്ടപ്പെടുന്നതും പിൻവലിക്കുന്നതും ഉൾപ്പെടുന്ന കുവൈത്ത് പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ റിപ്പോർട്ടും മന്ത്രിസഭ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.