വിശുദ്ധ ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏക മാസം റമദാനാണ്. റമദാൻ ഖുർആനിന്റെ മാസമാണ്. റമദാനിന്റെ ഈ സവിശേഷത വിശുദ്ധ ഖുർആൻ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ‘ഖുർആൻ ഇറങ്ങിയ മാസമാണ് റമദാൻ. അത് ജനങ്ങൾക്കു നേർവഴി കാണിക്കുന്നതാണ്. സത്യമാർഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേർതിരിച്ചുകാണിക്കുന്നതുമാണ്’ (വിശുദ്ധ ഖുർആൻ 2:185)
അൽ ബഖറയിലെ 185-ാ മത്തെ ഈ സൂക്തത്തിന്റെ ആദ്യ ഭാഗത്ത് തന്നെ അല്ലാഹു വ്യക്തമാക്കുന്ന കാര്യങ്ങൾ ഇവയാണ്. 1) റമദാൻ മാസം വിശുദ്ധ ഖുർആന്റെ അവതരണം കൊണ്ട് സവിശേഷമാണ്. 2) ഖുർആൻ മുസ്ലിംകൾക്ക് മാത്രം ഉള്ള ഗ്രന്ഥമല്ല, അത് മാനവരാശിയുടെ മാർഗദർശന ഗ്രന്ഥമാണ് (ഹുദൻ ലിന്നാസ്). 3) ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട മാർഗദർശക വേദമാണെന്നതിന് ഖുർആനിൽ തന്നെ ധാരാളം തെളിവുകളും വിശദീകരണങ്ങളും ഉണ്ട് (ബയ്യിനാത്തിൻ മിനൽ ഹുദാ). 4) നിങ്ങൾക്ക് ഒരു കാര്യം സത്യമാണോ അസത്യമാണോ എന്ന് വിവേചിച്ചറിയണമെങ്കിൽ ഖുർആനിന്റെ വെളിച്ചത്തിൽ പിടിച്ചു നോക്കിയാൽ മതി (അൽ ഫുർഖാൻ), അത് സത്യാസത്യ വിവേചനത്തിന്റെ ഉരകല്ലാണ്.
ഒരർഥത്തിൽ റമദാനിലെ നോമ്പ് എന്ന സവിശേഷമായ ആരാധന തന്നെ വിശുദ്ധ ഖുർആൻ ലഭിച്ചതിലുള്ള നന്ദി പ്രകടനമാണ് എന്ന് ആയത്തിന്റെ തുടർന്ന് വരുന്ന ഭാഗങ്ങളിലൂടെ മനസ്സിലാക്കാം. അതിനാൽ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കിൽ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കിൽ പകരം മറ്റു ദിവസങ്ങളിൽനിന്ന് അത്രയും എണ്ണം തികക്കണം. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണാഗ്രഹിക്കുന്നത്, പ്രയാസമല്ല. നിങ്ങൾ നോമ്പിന്റെ എണ്ണം പൂർത്തീകരിക്കാനാണിത്. നിങ്ങളെ നേർവഴിയിലാക്കിയതിന്റെ പേരിൽ നിങ്ങൾ അല്ലാഹുവിന്റെ മഹത്വം കീർത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത് (വിശുദ്ധ ഖുർആൻ 2:185).
ലോകത്ത് ഏറ്റവും അധികം പരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുർആനാണ്. റമദാനിലാകട്ടെ ഖുർആനിന്റെ പെരുമഴയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ റമദാനിൽ ഖുർആൻ വായനയിൽ മുഴുകും. ഒരു മാസത്തിൽ രണ്ട് തവണ ഖുർആൻ മുഴുവൻ ഓതിത്തീർക്കുന്നവരുണ്ട്. അർഥമറിഞ്ഞ് ശ്രദ്ധിച്ച് പഠിക്കുന്നവരുണ്ട്. രാത്രി നമസ്കാരങ്ങളിൽ പാതിരാവിലും ഭക്തിനിർഭരമായ ഖുർആൻ പാരായണങ്ങൾ കേൾക്കാം. റമദാൻ അക്ഷരാർഥത്തിൽ ഖുർആൻ പെയ്യുന്ന മാസമാണ്. ഖുർആൻ പിറന്ന മാസം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.