കുവൈത്ത് സിറ്റി: ബംഗ്ലാദേശിൽനിന്ന് കൂടുതൽ വൈദഗ്ധ്യവും ഭാഗിക നൈപുണ്യവുമുള്ള മനുഷ്യശക്തിയെ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന കുവൈത്ത് സർക്കാറിനോട് അഭ്യർഥിച്ചു. ബംഗ്ലാദേശിലെ സ്ഥാനമൊഴിയുന്ന കുവൈത്ത് അംബാസഡർ ആദിൽ മുഹമ്മദ് ഹയാത്ത് ഔദ്യോഗിക വസതിയായ ഗാനോഭബാനിൽ സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബംഗ്ലാദേശും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആത്മാർഥമായ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി അംബാസഡർക്ക് നന്ദി പറഞ്ഞു. ബംഗ്ലാദേശിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു. കുവൈത്തിൽ ഗാർഹികത്തൊഴിൽ, ശുചീകരണ ജോലികളിലാണ് ബംഗ്ലാദേശികൾ കൂടുതലായി ജോലി ചെയ്യുന്നത്. മെഡിക്കൽ പ്രഫഷൻ ഉൾപ്പെടെ കൂടുതൽ മേഖലകളിൽ അവസരം കണ്ടെത്താൻ അവർ ശ്രമിച്ചുവരുകയാണ്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ 50 ബംഗ്ലാദേശി നഴ്സുമാർ കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. കുവൈത്തിൽ അവസരം തേടിയുള്ള ഉന്നതതല ഇടപെടലിന്റെ ഫലമായാണ് ആദ്യ ബാച്ച് എത്തിയത്. കൂടുതൽ പേർ വൈകാതെ എത്തുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുകലാം അബ്ദുൽ മുഅ്മിൻ നേരിട്ട് നടത്തിയ ഇടപെടൽ ആണ് ബംഗ്ലാദേശി ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിൽ അവസരമൊരുക്കിയത്.
അക്കൗണ്ടന്റ്, ക്ലർക്ക് തുടങ്ങിയ ഓഫിസ് ജോലികളിലും അവസരത്തിന് ബംഗ്ലാദേശ് ഉന്നതതല ഇടപെടലിലൂടെ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹം കൂടുതലായി ജോലിയെടുക്കുന്ന തസ്തികകളിലേക്കാണ് മറ്റു രാജ്യക്കാർ അവസരം നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.