വി.​പി. ബ​ഷീ​ർ 

അനുഭവങ്ങൾക്കും സൗഹൃദങ്ങൾക്കും നന്ദി; 38 വർഷത്തെ പ്രവാസജീവിതത്തിനുശേഷം ബഷീർ മടങ്ങുന്നു

കുവൈത്ത് സിറ്റി: പ്രവാസം നൽകിയ ഐശ്വര്യങ്ങൾക്കും ചേർത്തുപിടിക്കലിനും നന്ദിപറഞ്ഞ് വി.പി. ബഷീർ കുവൈത്തിൽ നിന്നു മടങ്ങുന്നു. 38 വർഷത്തെ കുവൈത്ത് ജീവിതത്തിനിടയിൽ പ്രവാസത്തിന്റെ നോവും വേവും ഏറെ കണ്ടും കേട്ടും അനുഭവിച്ചുമാണ് മടക്കം.

വർഷങ്ങളുടെ ഉദയാസ്തമയങ്ങൾക്കിടയിൽ മരുഭൂമിയുടെ ഭിന്നഭാവങ്ങൾക്കൊപ്പം ദിനരാത്രങ്ങൾ എത്രയോ പിന്നിട്ട ജീവിതം. ഇതിനിടയിൽ മലയാളികളും കുവൈത്തും നേരിട്ട അതിജീവന കഥകൾക്കും ഉയർച്ച താഴ്ചകൾക്കും ബഷീർ സാക്ഷിയായി. 1984 ലാണ് തിരൂർ പയ്യനങ്ങാടി സ്വദേശിയായ വലിയപറമ്പിൽ ബഷീർ കുവൈത്തിലേക്ക് വിമാനം കയറുന്നത്.

15 വയസ്സായിരുന്നു അന്ന് പ്രായം. ബാല്യത്തിന്റെ കൗതുകങ്ങൾ വിടാത്ത പയ്യന് മണലാരണ്യത്തിലെ ഏകാന്തത മടുപ്പിക്കുന്നതായി തോന്നി. ഇന്നത്തെ വർണ വിസ്മയങ്ങളും വൻ ഫ്ലാറ്റുകളും സൗകര്യവുമൊന്നുമില്ലാത്ത കുവൈത്താണ് അന്ന്. എങ്ങും മണൽപരപ്പും ചൂടും വിജനതയും. പിന്നെ പിന്നെ പതിയെ മരുഭൂമിയോടും പ്രവാസജീവിതത്തോടും ബഷീർ പൊരുത്തപ്പെട്ടു. കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറിയിലായിരുന്നു ജോലി. നീണ്ട 38 വർഷം ഒരേ തൊഴിലിടത്തിൽ ആത്മാർഥയോടെ ജോലിയെടുത്തു. പല ഭാഷക്കാരും ദേശക്കാരുമായി അടുത്തു.

അറബിഭാഷ മലയാളത്തേക്കാൾ വഴങ്ങിത്തുടങ്ങി. അറബികളുമായി ഇടപെടാനും കാര്യങ്ങൾ നടത്തിയെടുക്കാനും മലയാളികൾ ബഷീറിനെയാണ് ആശ്രയിച്ചിരുന്നത്. മലയാളി സംഘടനകളുമായും കൂട്ടായ്മകളുമായും അടുത്ത് ഇടപഴകി. ദീർഘകാലം കെ.കെ.എം.എയുടെ അമരക്കാരനായി. കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തെ സാന്നിധ്യമായി.

യുദ്ധദിനങ്ങൾ

1990ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനും ബഷീർ സാക്ഷിയായി. ആഗസ്റ്റ് രണ്ടിന് ഇറാഖി സൈന്യം കുവൈത്തിലെത്തുമ്പോൾ ബഷീർ തൊഴിലിടത്തേക്ക് പോവുകയായിരുന്നു. കമ്പനിയുടെ പിറകിലെ സ്കൂളിലായിരുന്നു താമസം. വെടിയൊച്ചകൾക്കും പുകച്ചുരുളുകൾക്കും സാക്ഷിയായ ദിനങ്ങൾ.

സ്കൂളിൽ നിന്ന് ഒഴിയാൻ ഇറാഖി സൈന്യം ആവശ്യപ്പെട്ടു. ഇതോടെ ചില സുഹൃത്തുക്കളുമൊന്നിച്ച് ബഷീർ ഇറാഖിലേക്ക് വണ്ടികയറി ബഗ്ദാദിലെത്തി. അവിടെ നിന്നും ജോർഡനിലെ അമ്മാൻ ബോർഡറിലെത്തി.

16 ദിവസത്തിനുശേഷം ജോർഡനിൽ നിന്ന് ദുബൈയിലെത്തി. പിന്നെ ബോംബെ വഴി നാട്ടിലെത്തി. എട്ടുമാസം വീട്ടിൽ കഴിഞ്ഞ് യുദ്ധത്തിന്റെ കെടുതികൾ ഒടുങ്ങിയതോടെ ബഷീർ വീണ്ടും കുവൈത്തിലെത്തി. പതിയെ എല്ലാം ശാന്തമായി. ജോലിത്തിരക്കുകളിൽ വീണ്ടും 32 വർഷം.

ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുമ്പോൾ സ്വന്തം നാട്ടിൽ നിന്നുപോകുന്ന പ്രതീതിയിലാണ് ബഷീർ. ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജീവിച്ച മണ്ണ് വിട്ടുപോകുന്നതിന്റെ നൊമ്പരം ഉള്ളിലുണ്ട്. എങ്കിലും മടങ്ങിയേ തീരൂ. വീട്ടിൽ മക്കളും ബന്ധുക്കളും കാത്തിരിപ്പുണ്ട്. 

Tags:    
News Summary - Bashir returns after 38 years of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.