ബിസിനസിന്റെ അടിസ്ഥാന ആശയം പോലുമറിയാത്ത ഒരാൾ വർഷങ്ങളായി ബിസിനസ് ചെയ്യുന്ന ഒരു വലിയ സദസ്സിനു മുമ്പിൽ നടത്തിയ മോട്ടിവേഷൻ ക്ലാസ് സമൂഹമാധ്യമങ്ങളിൽ ഇന്ന് വലിയ ചർച്ചയാണ്. മലയാളി ബിസിനസുകാർക്കിടയിൽ തെറിയഭിഷേകം നടത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ക്ലാസുകളും സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. എന്നിട്ടും ഇത്തരക്കാർക്ക് വീണ്ടും വേദികൾ കൊടുക്കുന്നത് എന്തിനാണ്?
നാം അഭിമാനത്തോടെ കാണുന്ന കേരളത്തിലെ ബിസിനസുകാരൊന്നും ഇത്തരം ആളുകളുടെ മോട്ടിവേഷൻ ക്ലാസിലൂടെ ബിസിനസ് പഠിച്ചവരല്ല. ഇത്തരം മോട്ടിവേഷൻ പ്രഹസനങ്ങൾ ബിസിനസ് രംഗത്തെ നവാഗതർക്ക് നെഗറ്റീവ് ഊർജം നൽകാൻ മാത്രമാണ് ഉപകരിക്കുക. കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷനൽ പ്രഭാഷകർ ഡയറക്ടർമാരായി പ്രവാസികളിൽ നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ചു വയനാട്ടിൽ തുടങ്ങിയ പ്രവാസി സംരംഭം തകർന്നു തരിപ്പണമായ ചരിത്രം ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. ബിസിനസ് എന്നതിന് കേവലം വരുമാനം ഉണ്ടാക്കാനുള്ള ഉപാധി എന്നതിലുപരിയായി ചില മൂല്യങ്ങളുണ്ട് എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. ആ മൂല്യങ്ങൾ ഉൾക്കൊണ്ട് വ്യക്തമായ കാഴ്ചപ്പാടുകളോടെ ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടങ്കിൽ ഏതൊരാൾക്കും ബിസിനസിൽ വിജയിക്കാം. നമ്മുടെ പരിചയത്തിലുള്ള ബിസിനസിൽ വിജയം കൈവരിച്ചവരിൽനിന്ന് ഉപദേശവും പിന്തുണയും തേടുകയും അവരുടെ അനുഭവങ്ങൾ പഠിക്കുകയും ചെയ്താൽ മാത്രം മതി ഇതിന് പ്രചോദനം ലഭിക്കാൻ. ചെറുകിട സംരംഭങ്ങളും വൻകിട കോർപറേഷനുകളും ബഹുരാഷ്ട്ര കമ്പനികളും വരെയുള്ള ബിസിനസുകൾക്ക് വലുപ്പത്തിലും വ്യാപ്തിയിലും ഘടനയിലും വ്യത്യാസമുണ്ടാകാം. ഇവിടെയൊക്കെ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചല്ല ബിസിനസ് ചെയ്യുന്നതെങ്കിൽ വിപണിയിൽ നിലനിൽക്കാൻ കഴിയില്ല. ഉപഭോക്താവിന്റെ വിശ്വാസ്യതയും തൃപ്തിയും നേടിയെടുക്കുക എന്നതാണ് ഏതൊരു ബിസിനസിന്റെയും അന്തിമ വിജയം. ഈ വിജയ ലക്ഷ്യത്തിലേക്ക് ഒരു ബിസിനസുകാരൻ നടന്നടുക്കുമ്പോൾ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇത് ബിസിനസിൽ ലാഭത്തോടൊപ്പം മൂല്യവത്തായ വിപണിയും സൃഷ്ടിക്കുന്നു. ഇന്ത്യയിലെ എക്കാലത്തെയും മോട്ടിവേഷനൽ സ്പീക്കറായ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ ഒരു ഉദ്ധരണിയിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. ‘The bird is powered by its own life and by its motivation’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.