കുവൈത്ത് സിറ്റി: യൂനിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡന്‍സി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ട്. തൊഴിൽ വിപണിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ഇതിനായുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്വീകരിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള സർക്കാർ ജീവനക്കാർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള സൗകര്യം ഒരുങ്ങുന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
നിലവിലെ നിയമമനുസരിച്ച് ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ വിസ പുതുക്കാന്‍ ആരോഗ്യ ഇൻഷുറൻസും മറ്റ് ഫീസുകളും അടക്കം 1000 ദീനാറിലധികമാണ് ചെലവാകുന്നത്. ഇതോടെ ഉയര്‍ന്ന തുക ചെലവഴിക്കേണ്ടതിനാല്‍ ഇഖാമ പുതുക്കാതെ പ്രത്യേക ജോലിചെയ്യുന്നവർ രാജ്യം വിടുന്നതും പതിവാണ്.
പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള തയ്യൽക്കാർ, ഷെഫ് തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യം വിടുന്നത് പ്രാദേശിക തൊഴില്‍ വിപണിയെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനെ മറികടക്കുന്നത് കൂടിയാണ് പുതിയ തീരുമാനം.
രാജ്യത്തെ തൊഴിൽ വിപണിയെ സജീവമാക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നേതൃത്വത്തില്‍ നടപടികൾ സ്വീകരിച്ചുവരികയാണ്.
അടുത്തിടെ സർക്കാർ കരാറുകളിൽനിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുവാനും വീട്ടുജോലിക്കാർക്ക് ഗാർഹിക വിസയില്‍ നിന്നും തൊഴിൽ വിസയിലേക്ക് മാറാനും അനുമതി നല്‍കിയിരുന്നു.
പുതിയ നടപടികള്‍ പ്രാദേശിക തൊഴിൽ വിപണിയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തൊഴിൽ വിപണി സജീവമാകുന്നത് രാജ്യത്തെ മൊത്തം ഉണർവിലേക്ക് നയിക്കും. ഇത് പ്രവാസികൾക്കും ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.