കുവൈത്ത് സിറ്റി: ഊർജ മേഖലയിൽ അറബ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നത് ആഗോള വെല്ലുവിളികളെ നേരിടാൻ മേഖലയെ പ്രാപ്തമാക്കുമെന്ന് കുവൈത്ത്.
ഖത്തറിലെ ദോഹയിൽ 12ാമത് അറബ് എനർജി കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും സാമ്പത്തിക കാര്യ സഹമന്ത്രിയുമായ ഡോ.സാദ് അൽ ബറാക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് സഹകരണം മേഖലയിൽ അനിവാര്യമാണെന്നും സൂചിപ്പിച്ചു. ആഗോള ആവശ്യകതയെയും വിലയെയും ബാധിക്കുന്ന നിരവധി വെല്ലുവിളികൾ എണ്ണ മേഖല അഭിമുഖീകരിക്കുമ്പോൾ ഊർജ വിതരണവും ലോക സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതും പ്രധാനമാണ്.
നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, ഊർജ മേഖലകളിൽ പങ്കാളിത്തം സ്ഥാപിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ജീവനക്കാരെ പരിശീലിപ്പിക്കൽ എന്നിവയിൽ സഹകരണം വർധിപ്പിക്കൽ കോൺഫറൻസിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയുടെ (ഒപെക്) സ്ഥാപക അംഗങ്ങളിൽ ഒന്നാണ് തന്റെ രാജ്യം എന്ന് സൂചിപ്പിച്ച അൽ ബറാക്ക്, സംയുക്ത അറബ് സഹകരണത്തിൽ കുവൈത്തിന് താൽപര്യമുണ്ടെന്നും അറിയിച്ചു. ഒപെക് സ്ഥാപക അംഗമെന്ന നിലയിൽ കുവൈത്ത് ആഗോള ഡിമാൻഡിന്റെയും വിതരണത്തിന്റെയും സന്തുലിതാവസ്ഥ നിലവിർത്തുന്നതിലും വില സ്ഥിരതയിലും ശ്രദ്ധാലുവാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.