കുവൈത്ത് സിറ്റി: കോവിഡിൽ മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിന് എതിർപ്പില്ലെന്ന് ഹൈകോടതിയിൽ കേരള സർക്കാർ നിലപാട് അറിയിച്ചത് സ്വാഗതാർഹമെന്ന് പ്രവാസി ലീഗൽ സെൽ.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈകോടതിയിൽ നൽകിയ ഹരജി ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോഴാണ് കേരള സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഇത്തരത്തിൽ നിലപാട് ബോധിപ്പിച്ചത്. കേന്ദ്ര തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് കേരളം അറിയിച്ചത്. ഹരജി ഫെബ്രുവരി 24ന് വിധി പറയാനായി പരിഗണിക്കും. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷനൽ ഡിസാസ്റ്റർ മാനേജ്മൻറ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വിതരണം ചെയ്യും. കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മുമ്പ് ഡൽഹി ഹൈകോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയിരുന്നു.കേരള ഹൈകോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസിസ് എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.