കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും സൈബർ തട്ടിപ്പ്. ബാങ്ക് കാർഡ് പ്രവർത്തനരഹിതമാണെന്ന് വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് അക്കൗണ്ട് വിവരം കൈമാറിയയാൾക്ക് 4,784 ദീനാർ നഷ്ടമായി. 41 കാരനായ ബദൂനിക്കാണ് പണം നഷ്ടമായത്.
ബാങ്ക് കാർഡ് പ്രവർത്തനരഹിതമാണെന്ന സന്ദേശം ഇദ്ദേഹത്തിന്റെ ഫോണിൽ വന്നിരുന്നു. ഇത് സത്യമാണെന്ന് കരുതി ബദൂനി അതിലെ ഫോൺ നമ്പറിൽ വിളിച്ചു. അപ്പോൾ കാർഡിന്റെ പ്രശ്നം തീർക്കാൻ അക്കൗണ്ട് വിവരം ആവശ്യപ്പെട്ടു. ഇത് നൽകിയതും മിനിട്ടുകൾക്കുള്ളിൽ പണം നഷ്ടമായി. ഒമ്പത് ഇടപാടുകളിലായാണ് 4,784 ദീനാർ പിൻവലിച്ചത്.
തുടർന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകി. ഇടപാടുകൾക്ക് താൻ അനുമതി നൽകിയിട്ടില്ലെന്നും മോഷണം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു ക്രിമിനൽ കുറ്റമായി കണക്കാക്കി പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഓൺലൈൻ ബാങ്കിങ് കുറ്റവാളിയെ പിടികൂടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ബാങ്ക് ജീവനക്കാരായി നടിച്ച് വ്യക്തികളോ സംഘങ്ങളോ അക്കൗണ്ട് വിവരം ചോദിച്ചാൽ നൽകരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. ബാങ്ക് വിശദാംശങ്ങൾ ചോദിക്കാനോ കാർഡുകൾ പുതുക്കാനോ ആഭ്യന്തര മന്ത്രാലയവും ബാങ്കുകളും ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.