കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. ഈ കാലയളവിൽ നിയമലംഘകർ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമ വിധേയമാക്കുയോ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം ഉണർത്തി. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും. ഈ കാലയളവിൽ താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർ പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം. ജൂൺ 17ന് ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആനുകൂല്യം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തല്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അനധികൃതമായി കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം റസിഡൻസി അഫയേഴ്സ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു. സാമ്പത്തിക കേസുകളില്‍ പെട്ട് യാത്രാവിലക്ക് നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്ക്. വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് പൊതുമാപ്പ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഇതിനകം നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴ അടച്ചു രേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
കുവൈത്ത് സിറ്റി: പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യന്‍ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ കേന്ദ്രങ്ങളില്‍ അപേക്ഷ നൽകാം. ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി, ജഹ്റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ രേഖകളുമായാണ് ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റുകളിൽ അപേക്ഷ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.