കുവൈത്ത് സിറ്റി: അന്തരിച്ച ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തക്ക് കുവൈത്തുമായി ഉണ്ടായിരുന്നത് അഭേദ്യമായ ഹൃദയബന്ധം. 20ലേറെ തവണ അദ്ദേഹം കുവൈത്ത് സന്ദർശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വിദേശരാജ്യവും കുവൈത്ത് തന്നെ. അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ പോവുന്ന മിക്കസമയത്തും ഇടത്താവളമായി കുവൈത്തിലെത്താറുണ്ട്.
ആലുവ യു.സി കോളജിലെ ബിരുദപഠനം പൂർത്തിയാക്കി കോഴഞ്ചേരി മാരാമൺ പാലക്കുന്നത്ത് വീട്ടിലെത്തിയപ്പോൾ ഫാ. ലൂക്കോസ് രണ്ട് കത്തുകൾ കൈമാറി. കുവൈത്ത് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനായുള്ള നിയമന ഉത്തരവും വിസയുമായിരുന്നു ഒന്ന്. തിരുവല്ല മാർത്തോമ സഭ ആസ്ഥാനത്ത് നടക്കുന്ന വൈദിക പഠന കൂടിക്കാഴ്ചക്ക് ഹാജരാവാനുള്ള ക്ഷണമായിരുന്നു മറ്റൊന്ന്. ആലോചിച്ചു തീരുമാനമെടുക്കുക എന്നുമാത്രം പിതാവ് പറഞ്ഞു. അന്ന് കുവൈത്തിലെ ഉദ്യോഗം വേണ്ടെന്നുവെച്ച് സഭാ ശുശ്രൂഷകനാകാനുള്ള നിയോഗം ഏറ്റെടുത്തെങ്കിലും കുവൈത്തിനെ ജോസഫ് മാർത്തോമ ഹൃദയത്തിലേറ്റി. മേൽപട്ടക്കാരനായശേഷം നിരവധി തവണ ഈ രാജ്യം സന്ദർശിക്കുകയും സ്നേഹബന്ധം പുലർത്തുകയും ചെയ്തു.
സഭയുടെ തിരുവനന്തപുരം -കൊല്ലം ഭദ്രാസന അധ്യക്ഷനായിരിക്കെ കുവൈത്ത് മാർത്തോമ ഇടവകയും ആ ഭദ്രാസനത്തിൽ ഉൾപ്പെട്ടിരുന്നു. ആ നാളുകളിൽ എപ്പിസ്കോപ്പ എന്നനിലയിൽ കുവൈത്ത് ഇടവകക്ക് ശ്രദ്ധേയ നേതൃത്വം നൽകി. കുവൈത്തിൽ മാർത്തോമ സഭ വിവിധ ഇടവകകളായി വളർന്നത്, ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണത്തിെൻറ ഫലമായായിരുന്നു.
ഇന്ന് 20,000ത്തോളം മാർത്തോമ വിശ്വാസികൾ കുവൈത്തിലെ ഏഴ് ഇടവകകളിലായി ആരാധിക്കുന്നു. ഇപ്പോൾ കുവൈത്ത് സിറ്റി മാർത്തോമ, അഹമ്മദി ഇമ്മാനുവേൽ ഇടവകകൾ മെത്രാപ്പോലീത്ത ചുമതല വഹിച്ചിരുന്ന നിരണം - മാരാമൺ ഭദ്രാസനത്തിെൻറ കീഴിലാണ്. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ അവസാന വിദേശ സന്ദർശനവും കുവൈത്തിലേക്കായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കുവൈത്തിലെത്തിയ അദ്ദേഹം കുവൈത്ത് സിറ്റി മാർത്തോമ, അഹമ്മദി ഇമ്മാനുവേൽ ഇടവകകളിൽ കുർബാന നടത്തി. കുവൈത്തിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷെൻറ പ്രവർത്തനങ്ങൾക്കും ശക്തമായ കൈത്താങ്ങ് നൽകി.
ശാരീരിക അസ്വസ്ഥതകൾ ബാധിക്കുന്നതിന് തൊട്ടുമുമ്പാണ് സെപ്റ്റംബറിൽ നടന്ന കെ.ടി.എം.സി.സി ടാലൻറ് ടെസ്റ്റിെൻറ പൊതുസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. കുവൈത്തിലെ സാമൂഹിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച എം. മാത്യൂസിെൻറ (ടൊയോട്ട സണ്ണി) അയൽവാസിയും അടുത്ത സുഹൃത്തുമായിരുന്നത് പിതാവിനെ കുവൈത്തുമായി അടുപ്പിക്കുന്നതിൽ നിർണായകമായിട്ടുണ്ട്.
എൻ.ഇ.സി.കെ പ്രസിഡൻറ് ഇമ്മാനുവൽ ഗരീബുമായും അടുത്ത ബന്ധം പുലർത്തി. കുവൈത്തിലെ മറാഫി ഫൗണ്ടേഷനുമായും അതിെൻറ അമരക്കാരായിരുന്ന ശൈഖ് അബ്ദുല്ല അൽ മറാഫി, അബ്ദുൽ ഫത്താഹ് അൽ മറാഫി എന്നിവരുമായും മെത്രാപ്പോലീത്തക്കുണ്ടായിരുന്ന ഹൃദയബന്ധം കേരളത്തിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുണയായിട്ടുണ്ട്.
കറ്റാനം, കുമ്പനാട്, ചുങ്കത്തറ എന്നിവിടങ്ങളിലെ മാർത്തോമ ആശുപത്രികൾക്ക് മറാഫി ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകി. കറ്റാനം ആശുപത്രിയിൽ 12 ഡയാലിസിസ് മെഷീനും കുമ്പനാട് ആശുപത്രിയിൽ രണ്ട് ഡയാലിസിസ് മെഷീനും മറാഫി ഫൗണ്ടേഷൻ സ്ഥാപിച്ചു. ചുങ്കത്തറ ആശുപത്രി വികസനത്തിനും സംഭാവന നൽകി. ഇതിനെല്ലാം നിമിത്തമായത് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ ഇവരുമായുള്ള ആത്മബന്ധമായിരുന്നു.
കുവൈത്ത് സിറ്റി: 21ാം മാർത്തോമ്മ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ യുനൈറ്റഡ് ചർച്ച് ഒാഫ് ഇന്ത്യ കുവൈത്ത് അനുശോചിച്ചു. സഭ െഎക്യ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽനിന്ന് നയിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ വിയോഗം സഭക്കും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് യുനൈറ്റഡ് ചർച്ച് ഒാഫ് ഇന്ത്യ കുവൈത്ത് ഇടവക വികാരി റവ. പ്രജീഷ് മാത്യു, ബിഷപ് കമിസ്സറി റവ. അനിൽ കെ. ജയിംസ്, സഭ സെക്രട്ടറി റവ. ഡൈജു പി. സ്കറിയ, ആർച്ച് ഡീക്കൻ റവ. സാം തുളസീദാസ് എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. മലങ്കര സഭയുടെ വികസന പ്രവർത്തനത്തിൽ മുഖ്യ പങ്കുവഹിച്ചിരുന്ന മെത്രാപ്പോലീത്ത, ജനക്ഷേമ പ്രവർത്തനത്തിലും വളരെ തൽപരനായിരുന്നു. അദ്ദേഹത്തിെൻറ വേർപാട് ജനസമൂഹത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി കുവൈത്ത് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.