കുവൈത്ത് സിറ്റി: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയിൽ രാജ്യത്തെ മുസ്ലിംകൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. മാനവികതിലൂന്നിയുള്ളതാണ് ഇസ്ലാമിെൻറ ആരാധനകളെന്നും മുഴുവൻ മനുഷ്യർക്കും വിശ്വാസിയുടെ തണൽ ഉണ്ടാവണമെന്നും അവർ ഉദ്ബോധിപ്പിച്ചു. പെരുന്നാൾ ദിനത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഖത്തീബുമാർ മറന്നില്ല.
ഗസ്സയിലെ സഹോദരങ്ങൾക്കായി ഇമാമുമാർ പ്രാർഥിച്ചു. മലയാളി സംഘടനകൾ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും ഒരുക്കി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈദ്ഗാഹുകളിലേക്ക് ഒഴുകിയെത്തി. മധുരം പങ്കുവെച്ചും, പരസ്പരം സ്നേഹം കൈമാറിയും ആശ്ലേഷിച്ചും വിശ്വാസികൾ ഈദ് ആഘോഷം പങ്കിട്ടു. രാവിലെ 5.43 നായിരുന്നു പെരുന്നാൾ നമസ്കാരം.
കെ.ഐ.ജി
കേരള ഇസ്ലാമിക് ഗ്രൂപ്പിന് (കെ.ഐ.ജി) കീഴിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. ഫഹാഹീൽ ബലദിയ പാർക്കിൽ ഫൈസൽ മഞ്ചേരി, സാൽമിയ പാർക്കിൽ സക്കീർ ഹുസൈൻ തുവ്വൂർ, ജലീബ് പാർക്കിൽ അനീസ് ഫാറൂഖി, ഫർവാനിയ ദാറുൽ ഖുർആൻ സമീപം ടറഫിൽ അനീസ് അബ്ദുസ്സലാം, റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി പള്ളിയിൽ ഡോ.അലിഫ് ഷുക്കൂർ, മഹ്ബൂല ബ്ലോക്ക് 2ൽ സഹ്മി ഫഹദ് മാജിദ് അൽ ഹാജിരി പള്ളിയിൽ മുഹമ്മദ് ഷിബിലി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
കുവൈത്ത് കേരള ഇസ്്ലാഹി സെന്റർ
കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ നേതൃത്വത്തിൽ പത്തിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ സി.പി.അബ്ദുൽ അസീസ്, സാൽമിയ ഗ്രൗണ്ടിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുലത്തീഫ്, ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ സമീർ അലി എകരൂൽ, മംഗഫ് ഗ്രൗണ്ടിൽ മുസ്തഫ സഖാഫി, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ മുഹമ്മദ് അഷ്റഫ് എകരൂൽ, ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫിൽ അബ്ദുൽ മജീദ് മദനി, ഹവല്ലി ഗ്രൗണ്ടിൽ അബ്ദു റഹ്മാൻ തങ്ങൾ, റിഗൈയ് ഗ്രൗണ്ടിൽ ഷഫീഖ് മോങ്ങം, മഹബൂലയിൽ സിദ്ദീഖ് ഫാറൂഖി, ജഹറയിൽ അബ്ദുസ്സലാം സ്വലാഹിയും നേതൃത്വം നൽകി.
ഇന്ത്യൻ ഇസ് ലാഹി സെൻറർ
ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിൻവശത്തെ പാർക്കിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മൗലവി അബ്ദുന്നാസർ മുട്ടിൽ നേതൃത്വം നൽകി. മംഗഫ് ബ്ലോക്ക് നാലിലെ മസ്ജിദ് ഫാത്വിമ അജ്മിയിൽ ഹാഫിള് മുബശ്ശിറും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുർഷിദ് അരീക്കാടും സാൽമിയ മസ്ജിദ് അൽ വുഹൈബിൽ ഷാനിബ് പേരാമ്പ്രയും നേതൃത്വം നൽകി.
കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ
കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഈദുൽ ഫിത്ർ നമസ്കാരം മംഗഫ് ബീച്ച് മസ്ജിദിലും പരിസരത്തുമായി സംഘടിപ്പിച്ചു. ഐ.എസ്.എം കേരള ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി നേതൃത്വം നൽകി. വിശ്വാസികളോട് ഒരുമാസക്കാലമായി തുടർന്നു പോന്ന സൂക്ഷ്മത നിലനിർത്തി പുണ്യങ്ങൾ അധികരിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം അനേകം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.