കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പവർകട്ട് ഏർപ്പെടുത്തി വരുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ അതു മാത്രം പോര. റസിഡൻഷ്യൽ കെട്ടിടങ്ങളിലാണ് ദേശീയ വൈദ്യുതിയുടെ 60 ശതമാനവും ഉപയോഗിക്കുന്നത്. ജോലി സ്ഥലത്തും താമസ സ്ഥലങ്ങളിലും വൈദ്യുതി ഉപഭോഗത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
എയർ കണ്ടീഷനറുകൾ
കനത്ത ചൂടിൽ എയർ കണ്ടീഷനറുകൾ ഇല്ലാതെ ജീവിക്കാനാകില്ല. എ.സി ഉപയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്. 23 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എയർ കണ്ടീഷനിങ് താപനില സജ്ജമാക്കുക. താപനഷ്ടം കുറക്കുന്നതിന് മുറിയിലെ എല്ലാ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇൻസുലേറ്ററുകൾ, കർട്ടനുകൾ, ചൂട് പ്രതിഫലിപ്പിക്കുന്ന ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ബാഹ്യ താപ കൈമാറ്റം കുറക്കാനും എ.സിയുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.
വാഷിങ് മെഷീൻ, റഫ്രിജറേറ്റർ
രാത്രി പോലെ വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയങ്ങളിൽ വാഷിങ് ആൻഡ് ഡ്രൈയിങ് മെഷീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെള്ളം ചൂടാക്കുമ്പോൾ കുറഞ്ഞ ഊർജം ചെലവഴിക്കുക. ഫ്രിഡ്ജ് വാതിൽ ഇടക്കിടെ തുറക്കുന്നതും അടക്കുന്നതും ഒഴിവാക്കണം. ഇടക്കിടെ തുറക്കുന്നത് ഫ്രിഡ്ജിനുള്ളിലെ വായു ചോർച്ചക്ക് കാരണമാകും. ഇത് കംപ്രസറിൽ അധിക സമ്മർദം ഉണ്ടാക്കും. ഫ്രിഡ്ജും ഫ്രീസറും ഫ്രിഡ്ജിനെ ആവശ്യമുള്ള ഊഷ്മാവിലേക്ക് തിരികെ കൊണ്ടുവരാൻ കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിയും വരും.
ലൈറ്റുകൾ
ലൈറ്റുകളുടെ ഉപയോഗം കുറക്കുന്നതിന് കർട്ടനുകളും ജാലകങ്ങളും തുറന്ന് പകൽ സമയത്ത് പ്രകൃതിദത്ത വെളിച്ചത്തെ ആശ്രയിക്കുക. വൈകുന്നേരങ്ങളിൽ സീലിങ് ലൈറ്റുകളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുകയും ഡയറക്ട് ലൈറ്റുകൾ ഉപയോഗിക്കുകയും ചെയ്യുക. ഇതുവഴി കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലേക്കെത്താം. അനാവശ്യമായ ലൈറ്റുകൾ ഓഫാക്കാനും ശ്രദ്ധിക്കണം. ടോയ്ലറ്റ്, അടുക്കള എന്നിവിടങ്ങളിൽ ഉപയോഗം കഴിഞ്ഞാൽ ലൈറ്റുകൾ ഓഫാക്കാം. മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഫാനുകൾ ഓഫാക്കാനും വിട്ടുപോകരുത്.
വൈദ്യുതോപകരണങ്ങൾ
ടിവി, മൈക്രോവേവ്, ഇലക്ട്രിക് കെറ്റിൽ പോലുള്ള അത്യാവശ്യമല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാലും ആവശ്യമില്ലാത്തപ്പോഴും വിച്ഛേദിക്കുക. ചാർജിങ് പൂർത്തിയായ ഉടൻ തന്നെ മൊബൈൽ ഫോണുകളും ബാറ്ററികളും അൺ പ്ലഗ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. പ്ലഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ ചെറിയ അളവിൽ മാത്രമേ ഊർജം വിനിയോഗിക്കുന്നുള്ളുവെങ്കിലും കാലക്രമേണ ഈ ഉപഭോഗം മൊത്തം ഊർജ ഉപയോഗത്തെ സാരമായി ബാധിക്കും.
ഇലക്ട്രിക് കെറ്റിലുകൾ
ഇലക്ട്രിക് കെറ്റിലുകൾ ഏറ്റവും കൂടുതൽ ഊർജം ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ്. ഇതിന് പകരം പരമ്പരാഗത വിസിൽ കെറ്റിൽ ഉപയോഗിക്കാം. ഉപയോഗത്തിന്റെ ആവൃത്തി കുറക്കുന്നതിനും അതുവഴി ഊർജ ഉപഭോഗം കുറക്കുന്നതിനും ഡിഷ് വാഷർ ഓണാക്കുന്നതിന് മുമ്പ് പൂർണമായും നിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.