കുവൈത്ത് സിറ്റി: രാജ്യത്തെ സാരമായി ബാധിച്ച വെള്ളപ്പൊക്കത്തിൽ കുവൈത്ത് നൽകിയ സഹായത്തിന് നന്ദി പറഞ്ഞ് സുഡാൻ. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇടപെട്ട കുവൈത്തിന്റെ മനുഷ്യത്വപരമായ പ്രവൃത്തിയെ സുഡാൻ അഭിനന്ദിച്ചു. കുവൈത്ത് ഗവൺമെന്റിനും ജനങ്ങൾക്കും സുഡാനിലെ ഹ്യുമാനിറ്റേറിയൻ എയ്ഡ് കമീഷണർ ആദം ഇബ്രാഹിം നന്ദി പറഞ്ഞു. കുവൈത്തിന്റെ സമയോചിത സഹായങ്ങൾ, ഭക്ഷണം, പാർപ്പിടം എന്നിവയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച 1,000ത്തിലേറെ സുഡാനീ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറാൻ കുവൈത്തിന്റെ പെട്ടെന്നുള്ള ഇടപെടൽ സഹായകമായതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവി പറഞ്ഞു. വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലേക്ക് സഹായം വ്യാപിപ്പിക്കും.
1,100 കുടുംബങ്ങളെ ഇതുവരെ സഹായിച്ചിട്ടുണ്ട്. 2,200 കുടുംബങ്ങളെ സഹായിക്കാൻ പദ്ധതി തയാറാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സുഡാനിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഈ വർഷം 104 പേർ മരിച്ചിരുന്നു. 80,000 ത്തിലധികം വീടുകൾ തകർന്നു. 123,000 കാർഷിക വയലുകൾ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.