കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് രജത ജൂബിലി ആഘോഷം കേരള കാതലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻറ് മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പൊതുമനസ്സുകളിൽ ദൈവത്തിെൻറ സാക്ഷികളായി മാറേണ്ടവരാണ് വിശ്വാസികളെന്നും സഭ വിളിക്കപ്പെട്ടിരിക്കുന്നത് സഭക്കുവേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയാണെന്നും അദ്ദേഹം ഉണർത്തി. സമകാലിക വിഷയങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ മറ്റുള്ളവരോടൊപ്പം സഹകരിക്കണം. കെ.എം.ആർ.എം ആത്മീയമായും സാമൂഹികമായും ജീവകാരുണ്യമായും മാറ്റാനുള്ള പരിശ്രമങ്ങൾ എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മാർ ദിവന്നാസിയോസ് നഗറിൽ നടന്ന മലങ്കര സംഗമത്തിലാണ് രജത ജൂബിലി ആഘോഷങ്ങൾക്ക് ഒൗദ്യോഗിക തുടക്കമായത്. ഫ്രാൻസിസ് പാടില (വത്തിക്കാൻ നൂൺഷ്യ), ഇതര സഭ, സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്തെ പ്രമുഖർ പെങ്കടുത്തു.
ഒഡിഷയിലെ ഒരു ഗ്രാമം ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും ഡൽഹിയിലും ഭക്ഷണവിതരണ പദ്ധതിയും പുതിയ രൂപതയായ പാറശാലയിൽ മിഷ്യൻ ഹോം നിർമാണത്തിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു. രണ്ടുവർഷം കൊണ്ട് ഇൗ പദ്ധതികളെല്ലാം പൂർത്തിയാക്കും. പാർപ്പിട, വിദ്യാഭ്യാസ, ആരോഗ്യ, സ്വയംതൊഴിൽ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകി ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 8.30ന് മലങ്കര സഭാ ചരിത്ര പ്രദർശനം നടന്നു. ക്രിസ്തീയ ഗാന മത്സരം, സ്നേഹവിരുന്ന് എന്നിവയുമുണ്ടായി. ബാലദീപം ജോയൻറ് കൺവീനർ മെബിൻ വി. കോശിയുടെ ബൈബിൾ വായനയെ തുടർന്ന് ദിവ്യ മേരി തോമസിെൻറ പ്രാർഥനാ ഗാനത്തോടുകൂടി യോഗം ആരംഭിച്ചു. പ്രസിഡൻറ് രാജൻ മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സണ്ണി തോമസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.