കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ ഇനി എളുപ്പത്തിൽ കണ്ടെത്തും. ഇതിനായി രാജ്യത്തെ നിരത്തുകളിൽ ഓട്ടോമേറ്റഡ് നിരീക്ഷണ കാമറകൾ (എ.ഐ) സ്ഥാപിക്കുന്നത് ആരംഭിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും ലൈൻ അടയാളങ്ങൾ പാലിക്കാത്തതും നിരീക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ കാമറകളെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടർ അറിയിച്ചു.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടി. എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങളും ലൈൻ അടയാളങ്ങളും കർശനമായി പാലിക്കണമെന്നും റോഡിലെ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. ട്രാഫിക് സുരക്ഷ കൈവരിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് നിർണായകമാണെന്നും വ്യക്തമാക്കി.
ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമായാണ് എ.ഐ കാമറകൾ സ്ഥാപിക്കുന്നത്. നിയമം ലംഘിക്കുന്നവർ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ഗതാഗത നിയമലംഘനങ്ങൾ കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് വിവിധ ശ്രമങ്ങൾ നടന്നുവരുകയാണ്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കൽ എന്നിവ കണ്ടെത്താനും അടുത്തിടെ സമാന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ട്രാഫിക് പിഴകൾ കർശനമാക്കുന്നതിനുള്ള കരട് നിർദേശത്തിനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി. ഗുരുതര ഗതാഗത ലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടെ കനത്ത ശിക്ഷകൾ ഉൾപ്പെടുന്നതാണ് കരട് നിർദേശം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിയമലംഘനങ്ങളിൽ പലതിനും നിലവിലുള്ളതിനേക്കാൾ ഇരട്ടി പിഴ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.