കുവൈത്ത് സിറ്റി: അമിതമായ വിമാനനിരക്കിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്നതായി വ്യക്തമാക്കിയ പ്രവാസി ലീഗൽ സെൽ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി.
ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്ക് നിർണയം നിലവിൽ സർക്കാർ നിയന്ത്രണത്തിലല്ല. കമ്പോളശക്തികൾ നിരക്ക് നിർണയിക്കുന്നു എന്നവാദമാണ് കാലാകാലങ്ങളായി സർക്കാർ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചിരുന്നു. പോളിസി വിഷയമായതിനാൽ സർക്കാറാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി.
പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതിയുടെ ഇടപെടലിനെ തുടർന്ന് മൃതദേഹങ്ങൾ തൂക്കിനോക്കി വിലയീടാക്കുന്ന രീതി അവസാനിപ്പിച്ചുവെങ്കിലും അമിതമായ നിരക്കാണ് ഇപ്പോഴും വിമാനക്കമ്പനികൾ ഈടാക്കുന്നത്. പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന വിമാനയാത്ര വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രവാസി ലീഗൽ സെൽ കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.