കുവൈത്ത് സിറ്റി: ലണ്ടൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് സൈക്കിളിൽ യാത്രതുടങ്ങിയ ഫായിസ് അഷറഫ് അലി കുവൈത്തിലെത്തി. ശനിയാഴ്ച രാവിലെ സൗദി അതിർത്തിയായ നുവൈസീബ് വഴിയാണ് ഫായിസ് കുവൈത്തിന്റെ മണ്ണിൽ കാലുകുത്തിയത്. ഈ മാസം 31വരെ കുവൈത്തിൽ തുടരും.
കുവൈത്തിൽ പ്രവേശിച്ചതോടെ, ഈ വർഷം ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്രയുടെ ഒന്നാം ഘട്ടം പൂർത്തിയായി. കേരളത്തിൽനിന്ന് തുടങ്ങിയ യാത്ര ഒമാനും യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തിൽ എത്തിയത്.
രണ്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇറാഖിലേക്കു സൈക്കിൾ ചവിട്ടും. പിന്നെ ഇറാനും അസെർബൈജാനും ജോർജിയയും തുർക്കിയയും മറികടക്കും. തുർക്കിയയിൽനിന്ന് ഗ്രീസിലേക്ക് പ്രവേശിക്കുന്നതോടെ യാത്രയുടെ മൂന്നാം ഘട്ടം ആരംഭിക്കും. യൂറോപ്പിലെ 22 രാഷ്ട്രങ്ങൾ പിന്നിട്ട് ലണ്ടനിൽ പ്രവേശിക്കുകയാണ് ലക്ഷ്യം. അതിനകം 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ ഫായിസ് സൈക്കിളിൽ സഞ്ചരിക്കും.
കുവൈത്തിൽ വിവിധ പരിപാടികളിലും ഫായിസ് പങ്കെടുക്കും. തുടർന്ന് നാട്ടിലേക്കുതിരിച്ച് അടുത്ത രാജ്യങ്ങളിലേക്കുള്ള വിസ നടപടികൾ പൂർത്തിയാക്കി കുവൈത്തിൽ തിരിച്ചെത്തും. കുവൈത്ത് അതിർത്തി വഴിയാണ് ഇറാഖിലേക്ക് പ്രവേശിക്കുക. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ് ഫായിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.