കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ വിസ നിയമലംഘനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കുടുംബ വിസയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി അറിയിച്ചു.
രാജ്യത്തേക്കുള്ള പ്രവേശനവും പുറപ്പെടലും ലളിതമാക്കിയതോടൊപ്പം റെസിഡൻസി, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കിയതും നിയമലംഘനങ്ങളുടെ കുറവിലേക്ക് നയിച്ചു. നിയമങ്ങൾ കൃത്യതയോടെയും സുതാര്യവുമാക്കി മാർച്ച് എട്ടിന് കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതും അദ്ദേഹം സൂചിപ്പിച്ചു.
നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്ത് സൗജന്യ പ്രവേശനം അനുവദിക്കുന്നതായും ചൂണ്ടിക്കാട്ടി. അതേസമയം, താമസ തൊഴിൽ നിയമലംഘനങ്ങൾ പൂർണമായി തടയാൻ പരിശോധനയും നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണെന്നും വ്യക്തമാക്കി. മാസങ്ങളായി ഇത്തരക്കാരെയും മറ്റു നിയമലംഘകരെയും പിടികൂടുന്നതിനായി സമഗ്ര പരിശോധനകൾ നടന്നുവരികയാണ്.
ഈ മാസം ഒന്നു മുതൽ അഞ്ചു വരെ കാലയളവിൽ വിവിധ ഭാഗങ്ങളിൽ ഇരുപതോളം സുരക്ഷ പരിശോധനകളാണ് നടത്തിയത്. പരിശോധനയിൽ 317 നിയമലംഘകരെ പിടികൂടുകയും 610 പേരെ നാടുകടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.