കുവൈത്ത് സിറ്റി: വൈകാരിക മുഹൂർത്തങ്ങളോടെ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് രാജ്യം വിടചൊല്ലി. ഇനി കുവൈത്ത് ജനതയുടെ ഓർമകളുടെ അമരത്ത് ശൈഖ് നവാഫ് നിത്യസ്മരണയായി നിലകൊള്ളും. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
10 മണിയോടെ സുലൈബിക്കാത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. കുവൈത്തിന്റെ പ്രിയപ്പെട്ട മുൻ അമീറിന് ഏറെ വൈകാരിക യാത്രയയപ്പാണ് രാജ്യം നൽകിയത്. സംസ്കാര ചടങ്ങുകളിൽ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വികാരഭരിതനായി കാണപ്പെട്ടു. പലപ്പോഴും അദ്ദേഹം നിറകണ്ണുകൾ തുടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു.
മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ പങ്കെടുത്തു. അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മന്ത്രിമാര്‍, ശൈഖ് നവാഫിന്റെ മക്കള്‍, സഹോദരങ്ങള്‍, രാജകുടുംബത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ നമസ്കാരത്തിൽ പങ്കെടുത്തു. തുടർന്ന് മൃതദേഹം ഖബറടക്കുന്നതിനായി സുലൈബിക്കാത്തിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുജനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. രാവിലെ 10.30ഓടെ ഖബറടക്കം പൂർത്തിയായി. മൂന്നു വർഷം കുവൈത്ത് അമീറായും അരനൂറ്റാണ്ടോളം വിവിധ ഔദ്യോഗിക പദവികളിലും രാജ്യത്തെ സേവിച്ചാണ് 86ാം വയസ്സിൽ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ മടക്കം. അമീറിന്റെ നിര്യാണത്തെ തുടർന്ന് ഞായറാഴ്ച മുതൽ മൂന്നു ദിവസം രാജ്യം ഔദ്യോഗിക അവധിയിലാണ്. 40 ദിവസം ദുഃഖാചരണം തുടരും.
അനുശോചനം അറിയിക്കാൻ കേന്ദ്രമന്ത്രി കുവൈത്തിൽ
ന്യൂഡൽഹി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനമറിയിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കുവൈത്തിലെത്തി. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അനുശോചനക്കത്ത് അദ്ദേഹം പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.