നാടും വീടും വിട്ട് കാതങ്ങൾ അകലെയാകുമ്പോഴാണ് നടന്നുതീർത്ത വഴികളും കാഴ്ചകളും എത്രമേൽ മനോഹരമായിരുന്നുവെന്ന് തിരിച്ചറിയുക. ഹൃദയ പുസ്തകത്തിലെ മായാത്ത ചിത്രങ്ങളാണ് ഭൂതകാല സ്മൃതികൾ. താളുകൾ മറിക്കുമ്പോൾ ശബളാഭമായ ചിത്രങ്ങൾ തെളിയുന്ന പുസ്തകം. ഒരിക്കൽക്കൂടി തിരികെ നടക്കാൻ കൊതിപ്പിക്കുന്നവ.
ഗ്രാമത്തെയും നഗരത്തെയും ഒരുപോലെ പുളകമണിയിച്ച് ഒരോണക്കാലംകൂടി എത്തിയിരിക്കുന്നു. ഓണം മലയാളിക്ക് വെറും ആഘോഷം മാത്രമല്ല, തീക്ഷ്ണമായി നെഞ്ചോടു ചേർത്ത വികാരം കൂടിയാണ്. കുടുംബ ബന്ധങ്ങളെയും അയൽക്കാരെയും സൗഹൃദങ്ങളെയും ചേർത്തുപിടിക്കുന്ന വേള.
നാടും ബാല്യവും തൊടിയും ഒരുപാട് കളികളും ഓർമിപ്പിക്കുന്നവ. പഞ്ഞക്കർക്കടകം പിന്നിട്ട് സമൃദ്ധിയുടെ ചിങ്ങനാളുകളിലേക്ക് കടക്കുമ്പോൾ നാട്ടിൻപുറത്തെ വീടുകളിൽ ആഹ്ലാദം നിറയും. പിള്ളേരോണത്തിന് മാവിൻകൊമ്പത്ത് ചക്കരക്കയറിൽ ഊഞ്ഞാലു കെട്ടുന്നതിൽ നിന്നാണ് തുടക്കം.
‘‘ഇന്ന് പഞ്ഞക്കർക്കടക കാറ് കിഴക്കോട്ടാണല്ലോ. രാത്രിയിൽ മഴ തിമിർത്തുപെയ്യും. ഇനി ചിങ്ങത്തിനേ തെളിയൂ.’’
കാലാവസ്ഥ നിരീക്ഷണങ്ങളെ ബഹുദൂരം പിന്നിലാക്കി ആകാശത്തേക്ക് നോക്കി സാറാമ്മച്ചി പറയും. അത്തരം പറച്ചിലുകൾ ഒരിക്കൽപോലും തെറ്റിയിട്ടില്ലെന്നത് ഒട്ടൊന്നുമല്ല അത്ഭുതം ഉളവാക്കിയിട്ടുള്ളത്.
തിരുവോണത്തിനു മുമ്പ് നെല്ല് പുഴുങ്ങി അരിയാക്കാനുള്ള ചെറുതല്ലാത്ത തത്രപ്പാട് കുറച്ചു വർഷങ്ങൾ മുമ്പ് വരെ നാട്ടിൻപുറത്തെ വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. പുഴുങ്ങിയെടുത്ത നെല്ല് മുറ്റത്ത് തഴപ്പായ വിരിച്ച് ഉണങ്ങാൻ നിരത്തിയിടും. നാടൻ നൃത്തമാണെന്ന് തോന്നുംവിധം പാദങ്ങൾകൊണ്ട് മുതിർന്നവർ ഓരോരുത്തരായി ചിക്കിക്കൊണ്ടിരിക്കും.
ആസ്വാദ്യമായ ചുവടുകളെ അനുകരിക്കാനുള്ള ആഗ്രഹം തീവ്രമാകും. അപ്പോഴാണ് ആളനക്കം ഒഴിയുന്ന മാത്രയിൽ തഴപ്പായയിലേക്ക് ചൂടിനെ അവഗണിച്ച് ഓടിക്കയറുന്നത്. വിഫലമാകുന്ന ചുവടുകൾക്കൊപ്പം നെന്മണികൾ മണ്ണിലേക്ക് തെറിച്ചുവീഴും. പുറകെ കുരുത്തക്കേട് ഏറുന്നുണ്ടെന്ന ശാസനയും.
തഴപ്പായക്കു സമീപം കനംകുറഞ്ഞ നീളമേറിയ ഉണക്കത്തടി കുത്തിവെച്ചിട്ടുണ്ടാകും. അതിൽ പക്ഷികൾ പൊഴിച്ചിട്ടുപോകുന്ന തൂവലുകൾ ഒന്നിച്ച് കെട്ടിവെക്കും. കാറ്റടിക്കുമ്പോൾ അതങ്ങനെ ഇളകിയാടും. കട്ടുതിന്നാൻ വരുന്ന കോഴി, കാക്കക്കൂട്ടങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള തന്ത്രം.
‘‘തുമ്പപ്പൂ ചോറുണ്ണാനാണേ കാക്കേ കട്ടോണ്ടുപോവല്ലേ വിയർപ്പിന്റെ ബാക്കി കട്ടാൽ കരളുരുകും.’’ സാറാമ്മച്ചി ഉറക്കെ പാടും.
പ്രദേശവാസികൾ ഒത്തുകൂടി കലാകായിക മത്സരങ്ങൾ നടത്തി നാട്ടിൻപുറം ആഡംബരപൂര്ണമാക്കും. ഓണപ്പാട്ട്, കണ്ണുകെട്ടി കലം തല്ലിപ്പൊട്ടിക്കൽ, ചാക്കിൽ കയറി ഓട്ടം, കസേരകളി ഇത്യാദി വിനോദ മത്സരങ്ങൾ അവയിൽ ചിലതുമാത്രം. അയൽവീടുകളിൽ കൈകൊട്ടിക്കളി മുടങ്ങാതെ അരങ്ങേറുന്നതും ഓണക്കാലത്തെ മധുരതരമായ ഓർമ.
കസവുസാരി ധരിച്ച പെൺസംഘങ്ങൾ താളനിബദ്ധമായ ചുവടുകളും വളകിലുക്കങ്ങളുംകൊണ്ട് ചിങ്ങത്തിലെ അപരാഹ്നങ്ങൾ മുഖരിതമാക്കും. അത്തം തുടങ്ങിയാൽ അയൽപക്കങ്ങളിൽ വ്യത്യസ്ത രീതികളിൽ ഒരുക്കിയിരിക്കുന്ന പൂക്കളങ്ങൾ കാണാനുള്ള അവസരങ്ങൾ പാഴാക്കാറില്ല.
തുമ്പിതുള്ളൽ കാണാൻ കൂട്ടുകാരുമൊത്ത് ടാറിടാത്ത നാട്ടുവഴിയിലൂടെ പോകുന്നതാണ് മറ്റൊരോർമ. താളത്തിനനുസൃതമായി പാട്ടുകൾ പാടുന്ന പെൺകുട്ടികളുടെ മധ്യത്തിൽ ഓണപ്പുടവ ചുറ്റി ഒരു പെൺകുട്ടി ഇരിപ്പുണ്ടാകും. നിറയെ ഇലകളോടുകൂടിയ തുമ്പച്ചെടികൾ കൈകളിലേന്തിയ അവളെ സംഘാംഗങ്ങൾ മൃദുവായി അടിക്കും. ഗാനവേഗത്തിനൊപ്പം അഴിച്ചിട്ട മുടിയുമായി അതേ വേഗത്തിൽ അവൾ തലയാട്ടിക്കൊണ്ടിരിക്കും.
ഇങ്ങനെ ആവർത്തിച്ചു പാടുമ്പോൾ തുമ്പി ഉറഞ്ഞുതുള്ളും. കാലം കടന്നപ്പോൾ അന്യം നിന്നുപോയ നാടൻ കലകളുടെ പട്ടികയിൽ തുമ്പിതുള്ളലും ഇടംപിടിച്ചുവോ?
ഓളപ്പരപ്പിൽ പിറകോട്ട് അതിവേഗം തുഴയെറിയുന്നവരെയും കരയിൽ നിൽക്കുന്ന കാണികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന വള്ളംകളി മത്സരം നടക്കുന്നതും ഓണത്തോടനുബന്ധിച്ചാണ്. ജയപരാജയങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ഉച്ചഭാഷിണിയിലൂടെ വിജയികളെ പ്രഖ്യാപിക്കും. കഠിനാധ്വാനത്തിന്റെ മൂലധനമായ ട്രോഫികൾ ഉയർത്തിപ്പിടിച്ച് ‘ആർപ്പോ.. ഇർറോ...’ എന്നാർത്തുപാടുന്ന അവരുടെ വിജയഭേരി ഇത് എഴുതുമ്പോൾ കാതുകളിൽ ഇരമ്പുന്നതുപോലെ.
സാഹസികതയുടെയും മെയ് വഴക്കത്തിന്റെയും പര്യായമായ സർക്കസ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കണ്ടത് ഒരു ഓണാവധിക്കാണ്. അക്കാലങ്ങളിൽ നഗരത്തിലെ മൈതാനത്തിലാണ് അവർ തമ്പടിച്ചിരുന്നത്.
‘‘പൂവാലി കാറ്റേ...നാളെയും വരണേ... കാത്തു കാത്തിരിക്കും ഞങ്ങളേ.’’
വിഭവസമൃദ്ധമായ സദ്യക്കുശേഷം വീടിന്റെ അതിരിനോട് ചേർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങൾക്കു താഴെ പായ വിരിച്ചിട്ട് കഥകളും പാട്ടുകളും പങ്കുവെക്കുമ്പോൾ അപ്പച്ചൻ ഈണത്തിൽ പാടും.
ഇന്നുവരെ ഒരു ശീതീകരണ മുറിക്കും തരാൻ പറ്റാത്തത്ര ശീതളിമയോടെ മനസ്സു കുളിർപ്പിച്ച് ആർദ്രമായി തലോടി കടന്നുപോയ നാടൻ കാറ്റ്! കൂട്ടുകുടുംബങ്ങൾ മാതൃക പാഠശാലകൾകൂടി ആയിരുന്നുവെന്നതിന്റെ തെളിവായിരുന്നു കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നായ ഓണം. ചിങ്ങത്തിലെ ഓർമപ്പൂക്കളങ്ങൾ അതേ മനോഹാരിതയോടെ ഇന്നും ഉള്ളിൽ വിരിഞ്ഞുനിൽപുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.