വിമാന ടിക്കറ്റ്​ നിരക്ക്​ കുത്തനെ താഴ്​ന്നു; കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ 30 ദീനാർ മുതൽ

കുവൈത്ത്​ സിറ്റി: ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക്​ കുത്തനെ താഴ്​ന്നു. പത്ത്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ 30 ദീനാർ മുതൽ നിരക്കിലാണ്​ ജസീറ എയർവേയ്​സ്​ സർവീസ്​ നടത്തുന്നത്​. കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്​, ബംഗളൂരു, ചെന്നെ, ജയ്​പൂർ, വിജയവാഡ, അമൃതസർ, മംഗളൂരു എന്നിവിടങ്ങളിലേക്കാണ്​ ജസീറ എയർവേയ്​സ്​ സർവീസ്​ നടത്തുന്നത്​. കുറഞ്ഞ നിരക്കിൽ സെപ്​റ്റംബർ നാല്​ മുതൽ 30 വരെയുള്ള യാത്രക്ക്​ ​ജസീറ എയർവേയ്​സ്​ ബുക്കിങ്​ ആരംഭിച്ചു. ഇന്ത്യയിൽ കോവിഡ്​ വ്യാപന തോത്​ ഉയർന്നതും കുവൈത്തിലേക്കുള്ള തിരിച്ചുവരവ്​ സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതും ഡിമാൻഡ്​ കുറച്ചതാണ്​ ടിക്കറ്റ്​ നിരക്ക്​ താഴാൻ കാരണം.

കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ ഒരുഘട്ടത്തിൽ 100ന്​ മുകളിൽ പോയ നിരക്കാണ്​ കുത്തനെ താഴ്​ന്നത്​. കുവൈത്ത്​ വിപണി ഘട്ടംഘട്ടമായി തുറന്നതും ഇവിടെ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ആളുകളെ കുവൈത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്​. വന്ദേഭാരത്​ വിമാനങ്ങളിലും ആളില്ലാത്ത സ്ഥിതിയുണ്ട്​. നാല്​, അഞ്ച്​ ഘട്ടങ്ങളിൽ പ്രഖ്യാപിച്ചതി​െൻറ എത്രയോ കുറവ്​ വിമാനങ്ങൾ മാത്രമാണ്​ സർവീസ്​ നടത്തിയത്​. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുണ്ട്​. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ വരാൻ കഴിയും. യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ വഴി ഇത്തരത്തിൽ നിരവധി പേരാണ്​ എത്തിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.