കുവൈത്ത് സിറ്റി: സംഘർഷങ്ങളും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന സുഡാന് കുവൈത്ത് കൂടുതൽ സഹായം അയച്ചു. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വാഹനങ്ങളും അടങ്ങിയ വിമാനം ബുധനാഴ്ച സുഡാനിലേക്ക് പുറപ്പെട്ടു.
കുവൈത്ത് അയക്കുന്ന 16ാമത് സഹായ വിമാനമാണിതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. കുവൈത്ത് എയ്ഡിന്റെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നതെന്ന് കെ.യു.എൻ.എ ജനറൽ ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ഔൻ പറഞ്ഞു.
28 ടൺ ഭാരമുള്ള വിമാനത്തിൽ നാല് ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും അടങ്ങിയിട്ടുണ്ട്. കുവൈത്തിലെ ദാതാക്കളോട് അദ്ദേഹം നന്ദി അറിയിച്ചു. വിദേശകാര്യ മന്ത്രാലയം, സുഡാനിലെ കുവൈത്ത് എംബസി, പ്രതിരോധ മന്ത്രാലയം, കുവൈത്ത് എയർഫോഴ്സ് എന്നിവയെയും അഭിനന്ദിച്ചു.
സുഡാനിലെ ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കുവൈത്ത് നേരത്തെയും മാനുഷിക സഹായവും വൈദ്യസഹായവും വാഹനങ്ങളും ആംബുലൻസുകളും ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.