കുവൈത്ത് സിറ്റി: രാജ്യത്ത് താമസനിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഈ മാസം 30വരെ നീട്ടി. ഒന്നാം ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് തീരുമാനം. നിരവധി ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടാൻ അദ്ദേഹം ഉത്തരവിട്ടത്. വെള്ളിയാഴ്ച മുതൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ 17 മുമ്പ് നടപടികൾ പൂർത്തിയാക്കാനാകുമോ എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. തീയതി നീട്ടിയത് ഇവർക്ക് ആശ്വാസമാകും.
മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് 17ന് അവസാനിക്കാനിരിക്കെയാണ് ഈ മാസം അവസാനം വരെ നീട്ടിയത്. പൊതുമാപ്പ് കാലയളവിൽ താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർ പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും.
നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം. അതേസമയം സാമ്പത്തിക കേസുകളില്‍ പെട്ട് യാത്രാ വിലക്കു നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ.
പൊതുമാപ്പിനുശേഷം ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആനുകൂല്യം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തല്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അനധികൃതമായി കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. ഇതിനകം നിരവധി പേർപൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴ അടച്ചു രേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.