കുവൈത്ത് സിറ്റി: ആവിഷ്കാരസ്വാതന്ത്ര്യം വർധിപ്പിച്ച് കുവൈത്തിൽ 2006ലെ പ്രസ് ആൻഡ് പബ്ലിക്കേഷൻ നിയമം ഭേദഗതി ചെയ്തു. പുസ്തകങ്ങൾക്കുമേൽ സർക്കാർ സെൻസർഷിപ് ഇല്ലാതാക്കുന്നതാണ് പുതിയ നിയമ ഭേദഗതി.
ഉള്ളടക്കം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നതാണ് പുതിയ വ്യവസ്ഥ. പ്രസാധകരും പുസ്തകം ഇറക്കുമതി ചെയ്യുന്നവരും ഉള്ളടക്കം സംബന്ധിച്ച് നിയമപരമായ ബാധ്യത ഏൽക്കണം. ഇതുവരെ വാർത്തവിനിമയ മന്ത്രാലയത്തിെൻറ സെൻസർഷിപ്പിന് വിധേയമായിരുന്നു.
മന്ത്രാലയത്തിന് കീഴിലെ 12 അംഗ സെൻസർ സമിതി എല്ലാ മാസവും രണ്ടുതവണ യോഗം ചേർന്നാണ് ഏതൊക്കെ പുസ്തകങ്ങൾക്ക് അനുമതി നൽകണം, ഏതൊക്കെ വിലക്കണം എന്ന് തീരുമാനിച്ചിരുന്നത്.
ഇനി ഇത് ഉണ്ടാവില്ല. നിയമ ഭേദഗതിയെ കുവൈത്തിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തു.
ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക ചുവടുവെപ്പാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും കൂടുതൽ വിശാലമായ സമീപനം ഭാവിയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ടെന്നും കുവൈത്തി എഴുത്തുകാരൻ ബുത്യാന അൽ ഇൗസ പറഞ്ഞു. പാർലമെൻറിൽ സന്നിഹിതരായ 49 എം.പിമാരിൽ 40 പേരും നിയമ ഭേദഗതിയെ അനുകൂലിച്ചു.
വിഭാഗീയതയും വംശീയതയും വളർത്തുന്ന ഉള്ളടക്കം വിലക്കുന്ന മറ്റൊരു ഭേദഗതിയും പാർലമെൻറ് അംഗീകരിച്ചു. ചില എഴുത്തുകാർ ഇതിൽ പ്രതിഷേധിച്ചു. വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ളതും ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയാൻ ഉപയോഗിക്കാൻ ഇടയുള്ളതുമായ വ്യവസ്ഥയാണിതെന്ന് അബ്ദുല്ല അൽ ഖുനൈനി എന്ന എഴുത്തുകാരൻ പറഞ്ഞു. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തൽ, കുവൈത്ത് നീതിന്യായ വ്യവസ്ഥക്കെതിരായ നിലപാട്, ദേശസുരക്ഷക്ക് ഭീഷണി, അസാന്മാർഗികം തുടങ്ങിയ കാരണങ്ങൾ ആരോപിച്ച് 4000ത്തിലേറെ പുസ്തകങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് നിരോധിച്ചത്.
ഇതിൽ വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസ്യ മാർകേസിെൻറ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ', വിക്ടർ യൂഗോയുടെ 'നോത്തർദാമിലെ കൂനൻ' എന്നിവയും ഉൾപ്പെടും. സെൻസർഷിപ്പിനെതിരെ കുവൈത്ത് അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് റൈറ്റേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ എഴുത്തുകാർ പ്രതിഷേധിച്ചിരുന്നു.
നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും മേഖലയിൽ ഏറ്റവും അധികം പ്രസിദ്ധീകരണ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. ഇപ്പോൾ ഇൗ സ്വാതന്ത്ര്യം കൂടുതൽ വിശാലമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.