കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങൾ മാറ്റുരക്കുന്ന രണ്ടാമത് ഗൾഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻഷിപ്പിനായി കുവൈത്ത് ടീം യാത്രതിരിച്ചു. വെള്ളിയാഴ്ച യു.എ.ഇയിൽ തുടക്കമാകുന്ന ചാമ്പ്യൻഷിപ്പിൽ ഏറെ പ്രതീക്ഷയോടെയാണ് കുവൈത്ത് പോരാട്ടത്തിനിറങ്ങുന്നത്. രണ്ടു മലയാളികൾ അടക്കമുള്ള ടീം ദിവസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് യാത്രതിരിച്ചത്.
കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ടീമുകളും പരസ്പരം എറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേക്ക് മുന്നേറും. ഒമ്പത് ദിവസങ്ങളിലായി ഫൈനൽ ഉൾപ്പെടെ 16 മത്സരങ്ങൾ നടക്കും. ഡിസംബർ 21നാണ് ഫൈനൽ.
ആദ്യ റൗണ്ട് മത്സരങ്ങൾ ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലും ഫൈനൽ ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് നടക്കുക. ആദ്യമത്സരത്തിൽ യു.എ.ഇ ബഹ്റൈനെ നേരിടും. രണ്ടാം മത്സരത്തിൽ വൈകീട്ട് മൂന്നിന് കുവൈത്ത് സൗദി അറേബ്യയുമായി എറ്റുമുട്ടും.
14ന് കുവൈത്ത് ബഹ്റൈനുമായും 16ന് യു.എ.ഇയുമായും മാറ്റുരക്കും. 17ന് ഖത്തർ, 20ന് ഒമാൻ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. 2023ൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇത്തവണ. ഒമാനാണ് ആദ്യ ജേതാക്കൾ. ഫൈനലിൽ യു.എ.ഇയെ അഞ്ചു വിക്കറ്റിന് തകർത്തായിരുന്നു ഒമാന്റെ കിരീട നേട്ടം.
കുവൈത്ത് സിറ്റി: മലയാളികൾക്ക് അഭിമാനമായി രണ്ടു പേർ കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിലുണ്ട്. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവർ. വർഷങ്ങളായി കുവൈത്ത് ടീമിന്റെ ഭാഗമാണ് ഇരുവരും.
ദുബൈയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. പേസ് ബൗളറായ മുഹമ്മദ് ഷഫീഖിനാണ് ടീമിന്റെ ആക്രമണ ചുമതല. ക്ലിന്റോ മിഡിൽ ഓഡർ ബാറ്റ്സ്മാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.