കുവൈത്ത് സിറ്റി: 12ാമത് ഗൾഫ് സീസ്മിക് കോൺഫറൻസ് സമാപിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ), കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ്, കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) എന്നിവയുടെ സഹകരണത്തോടെ കെ.ഐ.എസ്.ആർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാന്റെ മേൽനോട്ടത്തിലാണ് ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), യു.എസ്.എ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു. ഭൂകമ്പശാസ്ത്രം, ഭൂകമ്പ എൻജിനീയറിങ്, കെട്ടിട ഘടനാപരമായ ആരോഗ്യ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകൾ സമ്മേളന പ്രതിനിധികൾ അവതരിപ്പിച്ചു.
മലയാളി ശാസ്ത്രജ്ഞൻ ഡോ. ജാഫറലി പാറോൽ ഉയരമുള്ള കെട്ടിടങ്ങളുടെ ചലനം നിരീക്ഷിക്കാൻ കഴിയുന്ന ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിച്ചു. കുവൈത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ അൽ ഹംറ ടവറിലാണ് ഡോ. ജാഫറലിയുടെ നേതൃത്വത്തിൽ ഈ സാങ്കേതികവിദ്യ നടപ്പാക്കിയത്. ഈ നിരീക്ഷണ സാങ്കേതികവിദ്യ കാണാൻ അൽ ഹംറ ടവറിൽ സന്ദർശനവും സംഘടിപ്പിച്ചു.
ഭൂകമ്പ നിരീക്ഷണ ശൃംഖലകൾ, ടെക്റ്റോണിക് പ്രവർത്തനം, ഭൂകമ്പ എൻജിനീയറിങ്, അപകടസാധ്യത കുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകൾ ഒരുക്കിയിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ്, കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്), മുനിസിപ്പൽ കൗൺസിൽ, കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) എന്നിവയുടെ പങ്കാളിത്തത്തോടെ കുവൈത്തിന്റെ അടിയന്തര പദ്ധതികളും ഭൂകമ്പ തയാറെടുപ്പുകളും സംബന്ധിച്ച പ്രത്യേക ശില്പശാലയും നടന്നു. അടുത്ത സമ്മേളനം 2026ൽ സൗദി അറേബ്യയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.