കുവൈത്ത് സിറ്റി: പ്രകാശം പരത്തി അരനൂറ്റാണ്ട് എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ചിരുന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യംകൊണ്ടും ബഹുജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കുവൈത്ത് ഔഖാഫ് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹങ്ങൾക്കിടയിൽ ശ്രദ്ധേയമായ പരിപാടികൾകൊണ്ട് നിറഞ്ഞുനിൽക്കുന്ന പ്രവാസി കൂട്ടായ്മയാണ് കെ.ഐ.ജിയെന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ എല്ലാ പിന്തുണയും സംഘടനക്ക് നേരുന്നതായും നാസർ അൽ മുതൈരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കുവൈത്ത് പാർലമെന്റ് മുൻ അംഗം ഡോ. നാസിർ ജാസിം അബ്ദുല്ലാഹ് അൽ സാനി, കെ.ഐ.ജി. മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, കെ.എ. സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. വഖ്ഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ വിഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിൽ സംസാരിച്ചു.
ജംഇയ്യതുൽ ഇസ്ലാഹ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് അലി അൽ ഉമർ, ജംഇയതുൽ ഇസ്ലാഹ് ഇസ്ലാമിക് കോഓപറേഷൻ ഡയറക്ടർ അബ്ദുൽ മുഹ്സിൻ അല്ലഹ്വ് എന്നിവരും കുവൈത്തിലെ വിവിധ സംഘടനകളുടെ സാരഥികളും സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
‘നാൾവഴികൾ നാഴികക്കല്ലുകൾ’ സുവനീർ കെ.ഇ.എൻ, പ്രമോദ് രാമൻ, പി.കെ. ജമാൽ, കെ.എ. സുബൈർ എന്നിവർ സംയുക്തമായി പ്രകാശനം നടത്തി. കുവൈത്തിൽ 40 വർഷം പൂർത്തിയാക്കിയ കെ.ഐ.ജി പ്രവർത്തകരായ അഷ്റഫ് മുഹമ്മദ്, സമീർ മുഹമ്മദ്, പി.കെ. അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് മൂസ, കുട്ടിയിൽ അബ്ദുറഹ്മാൻ, എം.കെ. മുസ്തഫ, പി.കെ. ഹുസൈൻ, വി.എം. ഇസ്മാഈൽ, വി.പി. ഹബീബ് ഹസൻ, പി. മുസ്തഫ എന്നിവരെ ഷാളുകൾ അണിയിച്ച് ആദരിച്ചു.
ഹഷീബ്, മുഖ്സിത്, യാസിർ എന്നിവരടങ്ങുന്ന ടീമും സൈബ, മൻഹ, ഫിസ, സുൽഫ, നബ, ഹന, അസ്വ എന്നിവരടങ്ങുന്ന ടീമും വ്യത്യസ്തമായ ഫലസ്തീൻ ഗാനങ്ങൾ ആലപിച്ചു. ഡോ. അലിഫ് ഷുക്കൂർ അറബ് അതിഥികൾക്ക് സ്വാഗതം പറഞ്ഞു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.