കുവൈത്ത് സിറ്റി: ജനുവരി പകുതിയായിട്ടും രാജ്യത്ത് മുൻകാലങ്ങൾക്ക് ആനുപാതികമായ തണുപ്പെത്തിയില്ല. ജനങ്ങൾ മേൽകുപ്പായവും തൊപ്പിയും ഗ്ലൗസുകളുകളും വരെ അണിഞ്ഞ് പുറത്തിറങ്ങിയിരുന്ന പഴയ ശൈത്യകാലത്തെ അപേക്ഷിച്ച് രാജ്യത്ത് ഇപ്പോഴും ‘ചൂടേറിയ’ ദിനങ്ങളാണ്. സാധാരണ ശീതകാലാവസ്ഥക്ക് സമാനമായി മഴയും ഇത്തവണ എത്തിയില്ല. തണുത്ത താപനിലയുടെയും മഴയുടെയും അഭാവം പരമ്പരാഗത ശൈത്യകാല അനുഭവങ്ങളുള്ളവരിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതാപനത്തിന്റെ സ്വാധീനമാണ് രാജ്യത്തെ ശീതകാല കാലതാമസത്തിന് കാരണമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സദൂൻ വ്യക്തമാക്കി.
ആഗോളതാപനം സീസണുകളുടെ പരമ്പരാഗത തുടക്കവും ഒടുക്കവും മാറ്റി. കുവൈത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ തണുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാലും, താപനിലയിലെ കുറവ് മിതമായതായിരിക്കും. മുൻ കാലത്തെപോലെ ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സാദൂൺ ചൂണ്ടിക്കാട്ടി. രാജ്യത്ത് കഴിഞ്ഞ വേനലിൽ ഉയർന്ന നിരക്കിലുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ശൈത്യ കാലത്തിന്റെ കാലതാമസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈവർഷം വേനൽക്കാലത്ത് അതിലും ഉയർന്ന താപനിലക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.
കാലാവസ്ഥ മാറ്റം ആഗോളതാപനത്തിന്റെ ആഴത്തിലുള്ള ആഘാതത്തെ അടിവരയിടുന്നു. ഉയരുന്ന താപനിലയുടെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള സുസ്ഥിര നടപടികളുടെ അടിയന്തര ആവശ്യം ഇത് ഓർമപ്പെടുത്തുന്നതായും സദൂൻ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.