കുവൈത്ത് സിറ്റി: അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമയാന വകുപ്പ് തയാറെടുപ്പ് പൂർത്തിയാക്കി. ഇൻകമിങ്, ഒൗട്ട്ഗോയിങ് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ അധികൃതർ വ്യക്തമാക്കി. വിമാനത്താവളം അധികൃതരുടെ കണക്കനുസരിച്ച് വരും മാസത്തിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ദേശീയദിന അവധിയും യാത്രനിയന്ത്രണങ്ങൾ നീക്കിയതും യാത്രക്കാർ വർധിക്കുന്നതിന് കാരണമാകും. സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്നാണ് തിരക്ക് മുൻകൂട്ടിക്കണ്ട് പദ്ധതി തയാറാക്കിയത്.
24 മണിക്കൂറും എല്ലാവിധ സന്നദ്ധതയോടെയും യാത്രക്കാരെ സ്വീകരിക്കാന്‍ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരും ജീവനക്കാരുമായി സഹകരിക്കണമെന്നും യാത്രക്കുള്ള എല്ലാ രേഖകളും കരുതണമെന്നും നേരത്തേ എത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യാത്രനിയന്ത്രണങ്ങൾ നീക്കിയതും വിവിധ രാജ്യങ്ങളിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതും പ്രവാസികളെ അവധിയെടുക്കാൻ പ്രേരിപ്പിക്കും. അനിശ്ചിതാവസ്ഥ കാരണം പലരും അവധി നീട്ടിവെച്ചിരിക്കുകയായിരുന്നു. കുത്തിവെപ്പ് എടുക്കാത്തവർക്കും കുവൈത്തിലേക്ക് വരാമെന്നും കുത്തിവെപ്പ് എടുത്തവർക്ക് പി.സി.ആറും ക്വാറൻറീനും ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.