കുവൈത്ത് സിറ്റി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിൽ. പ്രതികൾ നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രവർത്തിച്ചുവരുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. ചില സ്വദേശികളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
ഓരോ വ്യക്തിക്കും 800 മുതൽ 1300 വരെ ദീനാർ ഫീസ് ഈടാക്കിയായിരുന്നു റിക്രൂട്ട്മെന്റ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് നൽകിയ കർശന നിർദേശത്തെ തുടർന്നാണ് നടപടി. നിയമലംഘനങ്ങൾക്കെതിരെ ജാഗ്രത തുടരുന്നതായും നിഷ്പക്ഷമായി നിയമം നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
പ്രതികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ റിക്രൂട്ടിങ് സംഘത്തിനെതിരെ നേരത്തെയും ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരിൽ പണം വാങ്ങി തൊഴിലാളികളെ രാജ്യത്ത് എത്തിച്ച സംഘത്തെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.