കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിലെ അനധികൃത മത്സ്യബന്ധനം തടയാൻ നടപടി കർശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാർഷിക മത്സ്യവിഭവ വികസന അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ മറൈൻ പട്രോളിങ് ശക്തമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ നീക്കം.
കുവൈത്ത് ഉൾക്കടലിൽ മത്സ്യക്കുഞ്ഞുങ്ങൾ വ്യാപകമായി വേട്ടയാടപ്പെടുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നപടികൾ കർശനമാക്കാൻ തീരുമാനിച്ചത്. സമുദ്രജീവികളുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ മാത്യബന്ധനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അനുവദിച്ച ഭാഗങ്ങളിലല്ലാതെ മീൻപിടിച്ചാൽ 5000 ദീനാർ വരെ പിഴ ചുമത്തുകയും ഒരു വർഷം വരെ തടവുശിക്ഷ വിധിക്കുകയും ചെയ്യുമെന്നാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത് അവഗണിച്ചും അനധികൃത മത്സ്യബന്ധനം തുടരുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിന് സ്പീഡ് ബോട്ടുകൾ വിന്യസിക്കാൻ തീരുമാനിച്ചത്.
ലൈസൻസുള്ള ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദുചെയ്യും. രാജ്യത്തിെൻറ അതിർത്തി കടക്കുന്നതും മറ്റു രാജ്യങ്ങളില്‍നിന്നു കുവൈത്തിെൻറ സമുദ്ര പരിധിയിലേക്കു വരുന്നതും നിരീക്ഷിക്കും. നിരോധിത സമയത്തും പരിധി ലംഘിച്ചും മത്സ്യബന്ധനം നടത്തുന്നത് കർശനമായി തടയും. നിയന്ത്രണങ്ങൾ പാലിക്കാതെ മീൻപിടിക്കുന്നത് രാജ്യത്തെ മത്സ്യസമ്പത്ത് കുറയാൻ കാരണമായിട്ടുണ്ട്. പ്രത്യുൽപാദന തോതിനേക്കാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിെൻറ സമുദ്ര പരിധിയിലുള്ള മത്സ്യസമ്പത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യംപിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് മത്സ്യവേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.