കുവൈത്ത് സിറ്റി: മൂന്നുമാസത്തിനിടെ കുവൈത്ത് സർക്കാർ മേഖലയിൽ 10,482 സ്വദേശികളെ നിയമിച്ചു. ജൂൺ 30 മുതൽ സെപ്റ്റംബർ 24 വരെ 86 ദിവസങ്ങളിലാണ് ഇത്രയും പേരെ സിവിൽ സർവിസ് കമീഷൻ നിയമിച്ചത്. സിവിൽ സർവിസ് കമീഷൻ മേധാവി അഹ്മദ് അൽ ജസ്സാർ ആണ് കണക്കുകൾ പുറത്തുവിട്ടത്. പുതുതായി നിയമിച്ചവരിൽ 6465 പേർക്ക് ബിരുദ യോഗ്യതയും 2283 പേർക്ക് ഡിപ്ലോമയും 1136 പേർക്ക് സെക്കൻഡറി സർട്ടിഫിക്കറ്റും 353 പേർക്ക് ഇൻറർമീഡിയറ്റോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യതയാണുള്ളത്.
68 പേർക്ക് ബിരുദാനന്തര ബിരുദമുണ്ട്. രണ്ടുപേർക്ക് ഡോക്ടറേറ്റുണ്ട്. മൂന്നുമാസത്തിനിടെ ഇത്രയും സ്വദേശികൾക്ക് ജോലി നൽകാൻ കഴിഞ്ഞത് മികച്ച നേട്ടമായാണ് സിവിൽ സർവിസ് കമീഷൻ കരുതുന്നത്. സർക്കാർ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യംവെക്കുന്നത്.
കുവൈത്തികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി ബന്ധപ്പെട്ട വകുപ്പ് ഇതിന് ശ്രമിക്കുന്നുണ്ട്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നത് വിദേശികൾക്ക് തൊഴിൽ നഷ്ടത്തിന് വഴിവെക്കും. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രാലയം 400 വിദേശികളെ ഒഴിവാക്കിയിരുന്നു.ഒഴിവാക്കാൻ കഴിയുന്ന വിദേശികളുടെ പട്ടിക വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.