പുറത്തെ കനത്ത ചൂടിനും ജോലിയുടെ മുഷിപ്പിനുമിടയിൽ പ്രവാസികൾക്ക് ആശ്വാസത്തിന്റെ ലഹരി പകരുന്നതാണ് നടന്നുകൊണ്ടിരിക്കുന്ന ഫുട്ബാൾ മത്സരങ്ങൾ. വെള്ളിയാഴ്ച വരെ ടി20 ക്രിക്കറ്റിന്റെയും കൂട്ടുണ്ടായി. ഇന്ത്യൻ വിജയം ആഘോഷിച്ചതിന് പിറകെ ഇനി മുഴുവൻ ശ്രദ്ധ യൂറോ കപ്പിലും കോപ്പ കപ്പിലുമായിരിക്കും. ഇവ നൽകുന്ന മാനസിക സംതൃപ്തിയും നേരമ്പോക്കും വളരെ വലുതാണ്.
യൂറോപ്യൻ ഫുട്ബാൾ മറ്റേത് വൻകരകളിലെ കളികളെക്കാളും വ്യത്യസ്തതയും നിലവാരവും പുലർത്തുന്നുണ്ടെന്നതിന് ഉദാഹരണമാണ് യൂറോ കപ്പിന്റെ ഗ്രൂപ് ഘട്ടത്തിൽ നടന്ന ഓരോ കളികളും. ആദ്യ കളിയിൽ ജയം കിട്ടാത്തവർക്ക് ബാക്കിയുണ്ടായിരുന്ന രണ്ട് കളികളും നോക്കൗട്ട് രീതിയിൽ നേരിടേണ്ടിവന്നു. യൂറോ കപ്പ് നേടിയവർ അതിനടുത്ത ടൂർണമെന്റിൽ നിന്ന് പെട്ടെന്ന് പുറത്താകുന്ന രീതിയിൽ ഇറ്റലിയും അകപ്പെട്ട് പുറത്തായി. ഖത്തർ വേൾഡ് കപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ടിക്കറ്റ് നിഷേധിച്ച സ്വിറ്റ്സർലൻഡ് യൂറോ കപ്പിലും തടസ്സം തീർത്തു. ഓസ്ട്രിയയും ജോർജിയയും മുൻനിര ടീമുകളെ അട്ടിമറിച്ചു കരുത്തുകാട്ടി. ആതിഥേയ രാജ്യമായ ജർമനി ഫൈനലിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടിനെ മറികടന്ന് നെതർലൻഡ് ഫൈനൽ കളിക്കാനും സാധ്യതയേറെയാണ്. 1988ൽ ജർമനിയിൽ നടന്ന യൂറോ കപ്പിൽ റൂഡ് ഗുള്ളിറ്റ്, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാങ്ക് റൈക്കാർഡ് എന്നിവർ നെതർലൻഡ് കിരീടം നേടിയത് ഓർക്കുന്നു. അതിനു സമാനമായ സ്ഥിതി തന്നെയാണ് നിലവിലുള്ളത്. രാത്രിയിലെ യൂറോ കപ്പിനൊപ്പം രാവിലെയുള്ള കോപ്പ കപ്പും ആവേശത്തോടെ കണ്ടു തീർക്കുകയാണ് പ്രവാസികൾ. രണ്ടു ഭൂഖണ്ഡങ്ങളിലായി നടക്കുന്ന കളികൾ മുഴുവൻ ഭൂഖണ്ഡങ്ങളെയും ഒരുമിപ്പിക്കുന്ന കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.