എയർഇന്ത്യ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ അനുഭവിക്കാത്ത ഒരു പ്രവാസിയും ഉണ്ടാവാൻ സാധ്യതയില്ല. പല കാരണങ്ങളാൽ യാത്രക്കാരെ കണ്ണീരു കുടിപ്പിക്കുന്നത് ഈ ആകാശയാനത്തിലെ ജീവനക്കാരുടെ സ്ഥിരം വിനോദമാണ്. പലപ്പോഴും പ്രവാസികൾ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാകും പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് തിരിക്കുന്നത്. പിറന്ന നാടിന് അടുത്ത പ്രദേശത്ത് വിമാനമിറങ്ങാം എന്നതുകൊണ്ടു മാത്രമാണ് മനസ്സില്ലാ മനസ്സോടെയെങ്കിലും പലരും എയർ ഇന്ത്യയെ ആശ്രയിക്കുന്നത്.
പക്ഷേ ഈ തവണ യാത്രക്കാരോട് കാണിച്ചത് കൊടും ചതിയായി പോയി. എയർഇന്ത്യ ജീവനക്കാർ തങ്ങൾക്കുള്ള അലവൻസുകൾ വർധിപ്പിച്ചു കിട്ടാൻ ബലിയാടാക്കിയത് നിരപരാധികളായ സാധാരണക്കാരെയാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത സമരമുറയാണ് അവർ പരീക്ഷിച്ചത്. ഏതാണ്ട് ഇരുനൂറിൽ പരം സർവീസുകൾ മുന്നറിയിപ്പില്ലാതെ മുടക്കി ആയിരങ്ങളെ വെട്ടിലാക്കി. ജീവനക്കാർ അവരുടെ അലവൻസ് പിടിച്ചു വാങ്ങാൻ സാധാരണക്കാരന്റെ ജീവിതം വെച്ചാണ് വിമാന കമ്പനിയോട് വില പേശിയത്.
ഇത്തരം വിഷയങ്ങളിൽ യാത്രക്കാരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണം. നാളെ ഇവർ ഏതെങ്കിലും രാജ്യത്തേക്ക് യാത്രക്കാരെ ഹൈജാക്കു ചെയ്തു കൊണ്ടുപോയി ഇവരുടെ ആവശ്യങ്ങൾക്ക് വിലപേശാനും മടിക്കില്ലെന്ന് എന്താണ് ഉറപ്പ്? പ്രവാസി സംഘടനകൾ പത്രക്കുറിപ്പിലൂടെ പരിഭവം അറിയിക്കുന്ന പതിവ് ശൈലി നിർത്തണം. ഒരൽപ്പം വൈകിയാലും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തു എത്താൻ മറ്റു ധാരാളം എയർ ലൈനുകളുണ്ട്. ആ റൂട്ടുകൾ തെരഞ്ഞെടുക്കണം. എന്റെ ഒരു വർഷത്തെ യാത്ര എയർ ഇന്ത്യയിലൂടെ ഇല്ല എന്ന തീരുമാനം ഓരോ യാത്രക്കാരനും എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.