കുവൈത്ത് സിറ്റി: കനത്ത ചൂടിന് ആശ്വാസമായി സുഹൈൽ നക്ഷത്രം എത്തുന്നു. രാജ്യത്ത് സെപ്റ്റംബർ നാലിന് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ നക്ഷത്രം തെളിയൽ രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി വിലയിരുത്തപ്പെടുന്നത്. വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് സുഹൈല്‍. രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നതാണ് സുഹൈൽ സീസണിന്റെ പ്രത്യേകത. 13 ദിവസത്തോളം സീസണ് നീളും.
ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് സുഹൈൽ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. പൗരാണിക കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കുന്നത്. അറബ് രാജ്യങ്ങളിൽ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്. കാലാവസ്ഥ മെച്ചപ്പെടുക, വെള്ളത്തിന് ചൂടിൽ കുറവ് വരുക, നിഴലിന്റെ നീളം കൂടുക, പകലിന്റെ ദൈർഘ്യം കുറഞ്ഞ് രാത്രിസമയം കൂടുക തുടങ്ങിയവ സുഹൈലിന്റെ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്. അതുകൊണ്ടുതന്നെ സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ ആശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
സൂര്യനും സിറിയസും കഴിഞ്ഞാൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണ് സുഹൈൽ എന്നാണ് ശാസ്ത്ര നിഗമനം. ഒക്ടോബർ പകുതിവരെ ഇത് മാനത്തുണ്ടാവും. അതേസമയം, സുഹൈല്‍ എത്തിയാല്‍ പൊടുന്നനെ ചൂട് കുറയില്ല. ഘട്ടംഘട്ടമായായിരിക്കും താപനിലയില്‍ മാറ്റമുണ്ടാവുക. രാജ്യത്തെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യത്തിലും ഇതിനനുസരിച്ച് മാറ്റമുണ്ടാകും. അന്തരീക്ഷ താപനില കുറയുന്നതോടെ മഴ പെയ്യാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.