ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങളെ മരണമെന്ന യുദ്ധത്തോടു പടവെട്ടി ജീവിതത്തിലേക്കു വലിച്ചടുപ്പിക്കുന്ന ദൗത്യമാണ് ആതുര ശുശ്രൂഷകരുടേത്. ഇതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് വലുതാണ്. ആ സഞ്ചാരത്തിനിടയിൽ കയ്പേറിയതും മധുരമുളവാക്കുന്നതുമായ അസംഖ്യം അനുഭവങ്ങളിലൂടെ ഓരോരുത്തരും കടന്നുപോകുന്നു
അത്യാഹിത വിഭാഗത്തിൽനിന്ന് ഒരു വെളുപ്പാൻകാലത്താണ് അവൾ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടത്. നോവിന്റെ അസഹ്യപാരമ്യതയിലെ നിലവിളി അവിടമാകെ മുഴങ്ങി. രോഗനിർണയത്തിനായി വിശദ പരിശോധനകൾ മുറപോലെ നടന്നു. രോഗം നിർണയിക്കപ്പെട്ടു. ദഹനനാളത്തിലും കുടലിലും ആഴത്തില് വ്രണങ്ങളുണ്ടായി ശരീരത്തിന്റെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന അസുഖത്തിന്റെ തുടക്കം.
പറഞ്ഞുമനസ്സിലാക്കാൻ പലവട്ടം ശ്രമിച്ചു. പക്ഷേ, അതൊന്നും ഉൾക്കൊള്ളാനാവാതെ അവൾ സദാ മ്ലാനവദനയായി കാണപ്പെട്ടു. ‘‘എനിക്ക് പഠിക്കണം, ചിത്രങ്ങൾ വരക്കണം, ഒരുപാട് യാത്രകൾ ചെയ്യണം’’ വലംകൈയിലെ ഞരമ്പുകളിൽ ഒന്നിൽ ഉറപ്പിച്ചിരുന്ന കാനുലയിൽകൂടി ശരീരത്തിലേക്ക് ഒഴുകിയിരുന്ന ഐ.വി ഫ്ലൂയിഡിന്റെ പാതിയെത്തിയ കുപ്പിയിലേക്ക് നോട്ടം പായിച്ച് അവൾ എന്നോട് സംസാരിച്ചുതുടങ്ങി.
നിറമുള്ള സ്വപ്നങ്ങൾ കാണുമ്പോഴാണ് ജീവിതം മനോഹരമാകുന്നതെന്ന് പറഞ്ഞപ്പോൾ അതുവരെ നിരാശ നിഴലിച്ചിരുന്ന അവളുടെ കണ്ണുകൾ തിളങ്ങി. സംസാരത്തിനിടയിൽ വന്നുവീണ മൗനത്തിന്റെ ദൂരം ഉൾക്കൊള്ളാനാകാതെയെന്നോണം ജീവൻരക്ഷായന്ത്രങ്ങൾ ഞങ്ങൾക്കിടയിൽ മണികൾ മുഴക്കി.
‘‘എനിക്ക് ഇനിയെന്തു സ്വപ്നം...’’ആഴത്തിൽ ശ്വാസമെടുത്ത് അവൾ പറഞ്ഞു. രോഗത്തിനൊപ്പം കറുപ്പുവീണ കൺതടങ്ങളും പ്രസരിപ്പു മാഞ്ഞ മുഖവും തീവ്രതയേറിയ മരുന്നുകൾ ശരീരത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ശക്തിക്ഷയവും അവളുടെ കൗമാരം കവർന്നെടുത്തിരുന്നു.
പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പഠനവും തൊഴിൽമോഹവുമെല്ലാം പെട്ടെന്നൊരു നിമിഷം കൊണ്ട് ഇല്ലാതായത് വല്ലാതെ അലോസരപ്പെടുത്തി. മാറിമറിഞ്ഞ പരിതഃസ്ഥിതികൾ അവളിൽ ഉണ്ടാക്കിയ ആഘാതം അത്രമേൽ സ്ഫോടനാത്മകമായിരുന്നു.
എന്തു പറയുമെന്ന ചിന്താക്കുഴപ്പത്തിനിടയിൽ ഒ. ഹെൻട്രിയുടെ ചെറുകഥ ‘ദ ലാസ്റ്റ് ലീഫ്’ ഓർമയിൽ തടഞ്ഞു. ലൂയി ടീച്ചർ പറഞ്ഞുതന്നിരുന്ന കഥ. ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിശ്വോത്തര കൃതി അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. മരണക്കയത്തിൽനിന്നായാൽപോലും മനോവീര്യം കൊടുത്താൽ ഒരു വ്യക്തിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാകും എന്നതിന്റെ തെളിവ്.
മായികമായ ഇന്ന് ഒരു സൂര്യാസ്തമയത്തിനപ്പുറം മാഞ്ഞു പോകുമെന്നും ഇനിയും വരാനുള്ള ദിവസങ്ങളിൽ ആഗ്രഹങ്ങൾ സഫലീകൃതമാകുമെന്നും പറയുമ്പോൾ മുഖത്ത് നനുത്ത പുഞ്ചിരി വിടർന്നു. അവൾ രോഗത്തെ തോൽപിച്ചുതുടങ്ങുന്നതിന്റെ ആദ്യ പടി. നീലാകാശത്തേക്ക് ചിറകുവിരിച്ച് ഉയരുന്ന പക്ഷിയെപ്പോലെ അവളുടെ സ്വപ്നത്തിലേക്ക് അധികദൂരമില്ല എന്നതിന്റെ അടയാളം.
ഞാനതു മനസ്സിൽ കോറിയിട്ടു. പല ദിവസങ്ങളിലും പുതുതായി ഓരോന്ന് സംസാരിച്ചു. ദിനേന ആരോഗ്യം പുരോഗതി പ്രാപിച്ചുവെന്നത് എല്ലാവരിലും അത്ഭുതമുളവാക്കി! ഒരു ദിനം പൂർണാരോഗ്യത്തോടെ ഏറെ സന്തോഷവതിയായി അവിടെ നിന്നിറങ്ങി.
വർഷങ്ങൾക്കിപ്പുറം ഒരു പൊതുമേഖല സ്ഥാപനത്തിൽ ആവശ്യത്തിനായി പോകേണ്ടിവന്നു. ഫയലുകൾക്കിടയിലൂടെ മേശയിൽനിന്നു മേശയിലേക്ക് തിടുക്കത്തിൽ നടക്കുമ്പോൾ ശിപായി അടുത്തുവന്നു പറഞ്ഞു:
‘സിസ്റ്ററേ, മാഡം വിളിക്കുന്നു.’ മുൻപരിചയമില്ലാത്ത ഒരാൾ, ചെയ്യുന്ന ജോലിയെക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്നോർത്ത് ഒരു നിമിഷം സ്തബ്ധയായി. സതീർഥ്യരോ, അകന്ന ബന്ധുക്കളോ ആവുമെന്ന ധാരണയിൽ അയാൾക്കു പിറകെ നടന്നു. അത്യാധുനികമായ ഓഫിസിലെ കണ്ണാടിക്കൂട്ടിനുള്ളിലെ കസാരയിൽ മുഖപരിചയമുള്ള സ്ത്രീ. കണ്ടുമറന്ന മുഖങ്ങളിലൂടെ രൂപസാദൃശ്യം താരതമ്യം നടത്താൻ വൃഥാ ശ്രമിച്ചെങ്കിലും പരാജിതയായി.
മേശക്കു മുന്നിലെ കസേരകളിലൊന്നിൽ ഇരിക്കുമ്പോൾ ‘‘എന്നെ ഓർമയില്ലേ?’’ കാലം മാറ്റംവരുത്തിയ പുഞ്ചിരിക്കുന്ന മുഖം. ഒരു പീഡനകാലത്തെ മനോധൈര്യത്താൽ മറികടന്ന പരിചിതയായ ഒരുവളുടെ മുഖം അപ്പോൾ ഓർമയിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.