നഴ്സ് എന്ന ജോലിയോട് ചേരുംപടി ചേർക്കേണ്ട ഒന്നാണ് കുത്തിവെപ്പ് എന്നതാണല്ലോ പൊതുബോധം. കഴിഞ്ഞ പത്തുപന്ത്രണ്ടു വർഷത്തിനിടെ ഏകദേശം കാക്കത്തൊള്ളായിരം രോഗികളെങ്കിലും എന്റെ സൂചിമുനക്ക് ഇരയായിട്ടുണ്ടാകും. അവരിൽ ചിലരുടെയെങ്കിലും മുഖം പിന്നീടെപ്പോഴെങ്കിലും സ്ഥലകാല ഭേദമില്ലാതെ പൊടുന്നനെ മനസ്സിൽ തെളിയും. ഒരു പനിപ്പൊള്ളലായൊ, നേരിയൊരാശ്വാസത്തിന്റെ ഇളം ചൂടായോ ആർത്തനാദമായോ നേർത്ത പുഞ്ചിരിയായൊ മരണംതൊട്ട മരവിപ്പുമായൊ വന്ന് ഓർമയുടെ കരംഗ്രഹിക്കും. പറയാതെ പറഞ്ഞ കഥകൾ വീണ്ടും പറയും. സഹനത്തിന്റെ, കരുതലിന്റെ, വിഷാദത്തിന്റെ, ഒറ്റപ്പെടലിന്റെ, അവിവേകത്തിന്റെ, നഷ്ടപ്പെടലിന്റെ, പ്രതീക്ഷയുടെ കഥകൾ.
മെഡിക്കൽ വിഭാഗത്തിൽനിന്നും ഡയാലിസിസ് ഡിപ്പാർമെന്റിലേക്ക് മാറ്റം കിട്ടിയതു മുതലാണ് ഞാൻ മിനിറ്റുകളുടെ കഥകൾ കേൾക്കാൻ തുടങ്ങിയത്. ഇരു വൃക്കകളും പ്രവർത്തന രഹിതമാകുമ്പോഴാണ് ഡയാലിസിസ് ആവശ്യമാകുന്നത്. ഡയാലിസിസ് ഡിപ്പാർട്മെന്റിന്റെ സുഗമമായ നടത്തിപ്പും രോഗികളുടെ സൗകര്യവും മുൻനിർത്തി ഓരോ രോഗിക്കും എത്തേണ്ട സമയം മുൻകൂട്ടി നൽകും. കൃത്യസമയത്തുതന്നെ ഡയാലിസിസ് തുടങ്ങും. ഒരിക്കൽ സാങ്കേതിക കാരണങ്ങളാൽ ഒരു രോഗിക്ക് ഡയാലിസിസ് തുടങ്ങാൻ താമസിച്ചു. കുറഞ്ഞ മിനിറ്റുകൾ മാത്രം. പൊടുന്നനെ അദ്ദേഹം വല്ലാതെ ക്ഷുഭിതനായി. സ്വയമേ ചികിത്സ നിഷേധിച്ചുകൊണ്ട് കട്ടിലിൽ നിന്നിറങ്ങി വീൽചെയറിൽ കയറി മുറിയുടെ പുറത്തേക്ക് വണ്ടിയുന്തി. കോപംകൊണ്ട് ആലിലപോലെ വിറച്ച അയാൾ ഇത് നഴ്സുമാരുടെ പിടിപ്പുകേടാണെന്ന് പറഞ്ഞു. ന്യായം ഞങ്ങളുടെ പക്ഷത്തായതുകൊണ്ട്, പോനാൽ പോകട്ടും എന്ന് കരുത്തേണ്ടതാണ്. പക്ഷെ അനുതാപമാണുണ്ടായത്. ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെയേ തോന്നാറുള്ളു,അങ്ങനെയേ പാടുള്ളു. പിറകെ ചെന്ന് അനുനയിപ്പിച്ചു തിരികെ കിടക്കയിൽ കൊണ്ടിരുത്തി. വേഗത്തിൽ കാര്യങ്ങൾ ചെയ്തു.
പെട്ടെന്നയാൾ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം പിടികിട്ടാതെ ഞാൻ കുഴങ്ങി. ഏങ്ങലിനിടക്ക് അയാൾ പറഞ്ഞു ‘പത്തു വർഷം മുന്നേ കിഡ്നി ഫെയ്ലിയർ വന്ന് വൃക്കമാറ്റിവച്ചതാണ്. വീണ്ടും അവ തകരാറിലായതിനെതുടർന്ന് ഇപ്പോൾ ഡയാലിസിസ്നു വിധേയമായിരിക്കുയാണ്’. ഞാൻ അയാൾ പറയുന്നത് കേട്ടു അടുത്തു നിന്നു. അവയവ മാറ്റിവക്കൽ ശസ്ത്രക്രിയക്കു വിധേയനാകുന്നയാൾ കടന്നു പോകേണ്ടി വരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെ ഓർത്തു. പ്രതീക്ഷയോടെ ആരോഗ്യപൂർണമായ ഒരു ജീവിതം സ്വപ്നം കണ്ട ആ മനസ് വിധിയുടെ രണ്ടാം പ്രഹരത്തിൽ ആടി ഉയലുന്നതു കണ്ടു. ജീവൻ നിലനിർത്താൻ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ വരണം. നാലുമണിക്കൂർ വിരസമായ ഈ കിടക്കക്കായി പകുത്തു നൽകണം. അയാൾ തുടർന്നു. അയാളുടെതായ ഇരുപത്തിനാല് മണിക്കൂറിൽനിന്ന് ഇരുപതു മണിക്കൂറിലേക്ക് ഒരു ദിവസം ചുരുങ്ങുകയാണ്. ഡയാലിസിസ് ചെയ്യുന്ന എല്ലാ രോഗികളും അഭിമുഖീകരിക്കേണ്ടിവരുന്ന എന്നാൽ മറ്റുള്ളവർ ശ്രദ്ധിക്കപ്പെടാതെ പോകുന്ന യാഥാർഥ്യം, സമയം !
ഞാൻ അയാൾക്കു തൊട്ടടുത്തുതന്നെ നിന്നു. യന്ത്രം വഴി കറങ്ങി തിരിയുന്ന രക്തം നേർത്ത കുഴലിലൂടെ അയാളുടെ ഞെരമ്പുകളിലേക്ക് പ്രവേശിച്ചുതുടങ്ങി. പതിയെ പതിയെ അയാൾ ശാന്തനായി. മുഖത്ത് സങ്കടത്തിന്റെ ഭാവങ്ങൾക്കു പകരം വിനയം വന്നുനിറഞ്ഞു. അതിനൊടുവിൽ എന്നോട് മാപ്പുപറഞ്ഞു. ഞാൻ ചിരിച്ചു അയാളും. ജോലിയിലെ നിപുണതയോളം ഒരു ആരോഗ്യപ്രവർത്തകന് ഉണ്ടായിരിക്കേണ്ട ഗുണമാണ് രോഗിയെ, കൂട്ടിരിപ്പുകാരെ തന്മയീഭാവത്തോടെ കാണാനുള്ള പ്രാപ്തി എന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ഒരുപക്ഷേ അതാകാം മരുന്നിനേക്കാൾ ഒരു രോഗിയെ സുഖപ്പെടുത്തുന്ന മാന്ത്രികത!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.