കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് കുവൈത്ത്. വിഷയത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേലിന്റെ അധിനിവേശത്തിലൂടെയുള്ള പ്രകോപനപരമായ നടപടികൾ, അൽ അഖ്സ മസ്ജിദിന് നേരെയുള്ള ആവർത്തിച്ചുള്ള അവഹേളനങ്ങൾ, വാസസ്ഥലങ്ങൾ വിപുലീകരിക്കുന്നതിനുള്ള നയം എന്നിവ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അക്രമം തടയാതെ തുടരുന്നത് സമാധാനം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീർപ്പ് ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തങ്ങളുടെ സമ്പൂർണ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിൽ ഫലസ്തീൻ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്ന കുവൈത്ത് ഭരണകൂടത്തിന്റെ അചഞ്ചലവും തത്ത്വാധിഷ്ഠിതവുമായ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീന്റെ അവകാശത്തെ പിന്തുണക്കുന്നതായും കുവൈത്ത് വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലും ഫലസ്തീനും തമ്മിൽ ഉടലെടുത്ത ശക്തമായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.