ഗസ്സയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ
കുവൈത്ത് സിറ്റി: ഗസ്സക്കാർക്ക് വൈദ്യസഹായം നൽകുന്നതിനായി അൽ മവാസി മേഖലയിൽ സമ്പൂർണ സജ്ജീകരണമുള്ള ആശുപത്രി ഒരുക്കി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ഫലസ്തീൻ, ഈജിപ്ഷ്യൻ റെഡ് ക്രസന്റ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കിയത്. 750 ചതുരശ്ര മീറ്റർ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക ആശുപത്രിയിൽ ഓപറേഷൻ റൂമുകളും തീവ്രപരിചരണ വിഭാഗങ്ങളും ഉണ്ട്. ബേബി ഇൻകുബേറ്റർ, എക്സ്-റേ യൂനിറ്റ്, ഫാർമസി, ലബോറട്ടറി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഫലസ്തീൻ സഹോദരങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഗസ്സയിലെ തീരദേശ മേഖലയിൽ താൽക്കാലിക ഫീൽഡ് ആശുപത്രി സ്ഥാപിച്ചതെന്ന് കെ.ആർ.സി.എസ് ചെയർപേഴ്സൺ ഡോ. ഹിലാൽ അൽ സയർ പറഞ്ഞു. ഗസ്സയിൽ കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ സപ്ലൈകളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമം അനുഭവിക്കുന്ന ഗസ്സയിൽ ആശുപത്രി നിർമിക്കുന്നത് ഏറെ സഹായകരമാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് ഡയറക്ടർ ജനറൽ ബഷർ മുറാദ് പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് കുവൈത്ത് ഭരണകൂടത്തോടും അമീറിനോടും സർക്കാറിനോടും ജനങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.