കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം ദുരിതത്തിലായ ലബനാന് കുവൈത്തിന്റെ സഹായം തുടരുന്നു. കുവൈത്തിന്റെ എയർലിഫ്റ്റിന്റെ ഭാഗമായി ഒമ്പത് ടൺ ഭക്ഷണവുമായി കുവൈത്ത് വ്യോമസേന വിമാനം കഴിഞ്ഞ ദിവസം ബൈറൂത്തിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
‘കുവൈത്ത് നിങ്ങളോടൊപ്പമുണ്ട്’ എന്ന കാമ്പയിനിന്റെ ഭാഗമായുള്ള കുവൈത്തിന്റെ ജീവകാരുണ്യ മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സഹായമെന്ന് ലബനാനിലെ കുവൈത്ത് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അബ്ദുല്ല ഖാലിദ് അൽ ദിയെൻ പറഞ്ഞു. യുദ്ധത്തെത്തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുടുംബങ്ങളെ സഹായിക്കുന്നതിന് ഇത്തരം ദുരിതാശ്വാസ സഹായം നിർണായകമാണെന്ന് ലബനീസ് ഹയർ റിലീഫ് കമ്മിറ്റി പ്രതിനിധി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. പ്രാദേശിക മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെയാണ് കുവൈത്ത് നൽകിയ സഹായവസ്തുക്കൾ വിതരണം ചെയ്യുന്നത്.
ഇസ്രായേൽ ആക്രമണത്തിന് പിറകെ കുവൈത്ത് ലബനാനിലേക്ക് വിവിധ സാധനങ്ങൾ എത്തിക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് ഭക്ഷ്യവസ്തുക്കൾ, മരുന്ന്, പുതപ്പുകൾ എന്നിവ ഉൾപ്പെടുന്ന 30 ടൺ മാനുഷിക സഹായം കുവൈത്ത് ലബനാനിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.